തദ്ദേശ പ്രചാരണത്തിൽ തന്ത്രങ്ങൾ മുറുകുന്നു

Thursday 06 November 2025 3:36 AM IST

തിരുവനന്തപുരം: നിയമസഭയിലേക്കുള്ള ചൂണ്ടുപലകയായ തദ്ദേശ തിരഞ്ഞെടുപ്പിൽ ജീവന്മരണ പോരാട്ടത്തിന് തയ്യാറെടുപ്പിലാണ് മൂന്ന് മുന്നണകളും. തദ്ദേശത്തിൽ ആധിപത്യമുറപ്പിച്ചാൽ ആത്മവിശ്വാസത്തോടെ നിയമസഭാ പോരാട്ടത്തിനിറങ്ങാമെന്നാണ് മുന്നണികളുടെ കണക്ക് കൂട്ടൽ. സംസ്ഥാന ഭരണം ഏറെക്കാലമായി കിട്ടാക്കനിയായ യു.ഡി.എഫ് ഇത്തവണ തിരഞ്ഞെടുപ്പിനായുള്ള നിലമൊരുക്കൽ നേരത്തെ തുടങ്ങി. സീറ്റുവിഭജനവും സ്ഥാനാർത്ഥി നിർണയവും പലേടത്തും തർക്കങ്ങളില്ലാതെ തുടങ്ങാനുമായി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മേൽക്കൈ. ആറ് കോർപ്പറേഷനുകളിൽ അഞ്ചും ഇടതു നേടി. എന്നാൽ കണ്ണൂർ കോർപ്പറേഷൻ എൽ.ഡി.എഫിനെ കൈവിട്ടിരുന്നു. ഇത്തവണ അഞ്ചിടത്ത് അധികാരം നിലനിറുത്തുകയും കണ്ണൂർ പിടിച്ചെടുക്കുകയുമാണ് എൽ.‌ഡി.എഫ് ലക്ഷ്യം.

കഴിഞ്ഞ തവണ 36 ഗ്രാമപഞ്ചായത്തും രണ്ട് മുനിസിപ്പാലിറ്റിയും പിടിച്ച എൻ.ഡി.എയും ശക്തമായ പ്രചാരണത്തിനാണ് തയ്യാറെടുക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനാണ് എൻ.ഡി.എ പ്രധാനമായും ലക്ഷ്യമിടുന്നത്. 101 അംഗ കോർപ്പറേഷനിൽ എൽ.ഡി.എഫിന് 51ഉം എൻ.ഡി.എയ്‌ക്ക് 34 ഉം അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് 10 അംഗങ്ങളും.

അംഗബലം ഉയർത്തി എൽ.ഡി.എഫിനെ മറികടക്കാമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടൽ. കൃത്യമായ കണക്കുകൂട്ടലിലൂടെയാണ് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ. മുരളീധരന് ചുമതല നൽകി യു.ഡി.എഫ് തലസ്ഥാനത്ത് കളത്തിലിറങ്ങിയത്. ഇത് എൻ.ഡി.എയുടെ നീക്കങ്ങളെ എങ്ങനെ ബാധിക്കുമെന്നതും പ്രധാനമാണ്.

സ്ഥാനാർത്ഥികളെ നേരെത്തെയിറക്കി യു.ഡി.എഫ്

തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിൽ ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ് തുടക്കത്തിൽ ചെറിയ മേൽക്കെ നേടിയിരുന്നു. ആറ് കോർപ്പറേഷനുകളിൽ കണ്ണൂരിൽ മാത്രമാണ് യു.ഡി.എഫിന് അധികാരമുള്ളത്. ഇത്തവണ അത് മറികടക്കാനാണ് യു.ഡി.എഫ് നേരത്തെ കളത്തിലിറങ്ങിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് കോർ‌പ്പറേഷനുകൾ എൽ.ഡി.എഫ് നിയന്ത്രണത്തിലാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ 63 കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കൊല്ലത്ത് 13 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ച ശേഷം 2015ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. 55 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും 27 സീറ്റ് വീതം നേടി. എന്നാൽ കോൺഗ്രസ് വിമതനായിരുന്ന പി.കെ. രാഗേഷിന്റെ പിന്തുണയിൽ അന്ന് എൽ.ഡി.എഫ് ഭരണം പിടിച്ചു. രാഗേഷ് പിന്തുണ പിൻവലിച്ചതോടെ ബാക്കി മൂന്ന് വർഷം രണ്ട് മുന്നണികളും പങ്കിട്ട് ഭരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 34 സീറ്റു നേടി യു.ഡി.എഫ് കോർപ്പറേഷൻ തിരിച്ചുപിടിച്ചു. എൽ.ഡി.എഫിന് 19 സീറ്റുകളും. കോർപ്പറേഷനിൽ ആദ്യമായി ബി.ജെ.പി ഒരു ഡിവിഷനിലും വിജയിച്ചു.