തിര.കമ്മിഷനുകൾ തമ്മിൽ ധാരണ: ബി.എൽ.ഒ.തർക്കത്തിന് താത്കാലിക ശമനം

Thursday 06 November 2025 2:51 AM IST

തിരുവനന്തപുരം:ഒരേ സമയം എസ്.ഐ.ആറും തദ്ദേശ ഇലക്ഷനും നടത്താൻ തീരുമാനിച്ചതോടെ ഉദ്യോഗസ്ഥരെ പങ്കു വയ്ക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന ഇലക്ഷൻ കമ്മിഷനുകളുടെ സംസ്ഥാന മേധാവികൾ തമ്മിൽ ധാരണയായി.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കറും സംയുക്തമായി ജില്ലാകളക്ടർമാരുടെ യോഗം ഔൺലൈനായി വിളിച്ചു.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ എസ്.ഐ.ആർ ജോലികൾക്ക് നിയോഗിക്കരുതെന്നും ,അതിന് വേറെ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും നിർദ്ദേശിച്ചു.തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ വേണം വോട്ടർപട്ടിക തീവ്രപരിഷ്‌ക്കരണ പ്രവർത്തനങ്ങൾ നടത്താനെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ ജില്ലാകളക്ടർമാരോട് ആവശ്യപ്പെട്ടുരണ്ടും തടസ്സമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനും നിർദ്ദേശിച്ചു.

തദ്ദേശ ഇലക്ഷൻ നടത്താൻ പോളിംഗ് ഔഫീസർമാരെ കൂടാതെ ഇ.ആർ.ഒമാരായി ബൂത്ത് തലത്തിൽ 36000ത്തോളം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ രണ്ടാം വാരത്തിന് മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ എസ്.ഐ.ആർ നടത്താൻ 25000ത്തോളം ബി.എൽ.ഒമാരെ വേണം.അതുംസംസ്ഥാന സർക്കാർ ജീവനക്കാരാണ്.എസ്.ഐ.ആറിന്റെ വീടുകൾ തോറും കയറിയിറങ്ങിയുള്ള എനുമറേഷൻഫോം പൂരിപ്പിച്ച് വാങ്ങുന്ന നടപടി നവംബർ നാലിന് തുടങ്ങി.അത് ഡിസംബർ നാലിനകം പൂർത്തിയാക്കേണ്ടതുണ്ട്.

ബിഎൽഒമാരെ പൂർണമായും തീവ്ര വോട്ടർ പരിഷ്‌കരണത്തിലേക്ക് മാറ്റണമെന്ന് കേന്ദ്രഇലക്ഷൻ കമ്മിഷന്റെ ഉത്തരവ്. എന്നാൽ തിരഞ്ഞെടുപ്പ് ജോലിയുള്ള ആരെയും ബിഎൽഒ മാരാക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഉത്തരവിട്ടു.പരാതി ഉയർന്നതോടെ , തിരഞ്ഞെടുപ്പ് ജോലിയുള്ളവർക്ക് ആദ്യ ഉത്തരവ് ബാധകമല്ലെന്ന് തിരുത്തി കേന്ദ്ര കമ്മിഷൻ വേറെ ഉത്തരവിറക്കി. കളക്ടർമാരും ജീവനക്കാരും പരാതികളുമായി എത്തിയതോടെ എസ്.ഐ.ആർ. അവതാളത്തിലാകുമോയെന്ന ആശങ്കയായിരുന്നു.