എസ്.ഐ.ആറിനെതിരെ നിയമനടപടിക്ക് സംസ്ഥാനം

Thursday 06 November 2025 3:02 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കുന്നതിനെ നിയമപരമായി ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. ബി.ജെ.പി ഒഴികെയുള്ള കക്ഷികൾ ഇതിനെ പിന്തുണച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ എസ്‌.ഐ.ആറിനെ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സർക്കാർ എന്നനിലയിലും രാഷ്ട്രീയ പാർട്ടി എന്ന നിലയിലും തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആർ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശ്യപരവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കോടതിയിൽ പോയാൽ കേസിൽ കക്ഷിചേരാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു.

കെ.സുരേന്ദ്രൻ (ബി.ജെ.പി), പി.സി.വിഷ്ണുനാഥ് (കോൺഗ്രസ് ),സത്യൻ മൊകേരി (സി.പി.ഐ),പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്ളീംലീഗ്), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം),പി.ജെ.ജോസഫ് (കേരള കോൺഗ്രസ്), മാത്യു.ടി.തോമസ് (ജനതാദൾ സെക്യുലർ), തോമസ്.കെ.തോമസ് (എൻ.സി.പി),ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്),കെ.ജി.പ്രേംജിത്ത് (കേരള കോൺഗ്രസ് ബി),അഡ്വ.ഷാജി.എസ്. പണിക്കർ (ആർ.എസ്‌.പി ലെനിനിസ്റ്റ്),കെ.ആർ.ഗിരിജൻ (കേരള കോൺഗ്രസ് ജേക്കബ്),എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്‌.പി),അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ),ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ സംസാരിച്ചു.