തോട്ടം തൊഴിലാളികളുടെ സ്വാധീനം ഗുണം ചെയ്യും, ഇടുക്കിയിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ഡിഎംകെ

Thursday 06 November 2025 7:35 AM IST

ഇടുക്കി: സംസ്ഥാനത്ത തദ്ദേശതിരഞ്ഞെടുപ്പിനുമുന്നോടിയായുളള ഒരുക്കങ്ങൾ നടക്കുന്നതിനിടെ നിർണായക പ്രഖ്യാപനം നടത്തി ഡിഎംകെ കേരള ഘടകം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിൽ ഡിഎംകെ പാർട്ടി ചിഹ്നത്തിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചു. ഉപ്പുതറ പഞ്ചായത്തിൽ ആറ് വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലും മത്സരിക്കാനാണ് ഡിഎംകെ കേരള ഘടകം തീരുമാനിച്ചിരിക്കുന്നത്.

തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിൽ മത്സരിക്കാനുളള നീക്കങ്ങളും നടക്കുന്നുണ്ട്. തമിഴ്നാട് സർക്കാരിന്റെ ആനുകൂല്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ മൂന്നാറിലും, ഉപ്പുതറയിലും ഡിഎംകെ ഓഫീസ് തുറന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ, എൽഡിഎഫ് സ്ഥാനാർത്ഥിയായ ജോയ്സ് ജോർജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ മറ്റ് മുന്നണികളൊന്നും പിന്തുണ ആവശ്യപ്പെടാത്തതിലാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്.

അതേസമയം, പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെയുടെ വാദം. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പീരുമേട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും എഐഎഡിഎംകെ അംഗമായ എസ് പ്രവീണ വിജയിച്ചിരുന്നു. ഒരു വർഷത്തിലധികം പ്രവീണയ്ക്ക് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കിട്ടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാല് സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും ഡിഎംകെ അറിയിച്ചിട്ടുണ്ട്.