ബാലമുരുകൻ രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, തെരച്ചിൽ ഏറ്റെടുത്ത് ക്യൂ ബ്രാഞ്ച്

Thursday 06 November 2025 8:30 AM IST

തൃശൂർ: കൊടും കുറ്റവാളി ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. തമിഴ്നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി സ്റ്റേഷനിലെ എസ് ഐ നാഗരാജൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം ക്യൂ ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ഈ മാസം മൂന്നിന് രാത്രിയാണ് ബാലമുരുകൻ പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നാലെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

രാത്രിയില്‍ തെരച്ചില്‍ നടത്തിയ കേരള പൊലീസിന്റെ മുന്നില്‍ പെട്ടെങ്കിലും ചതുപ്പ് പാടം കടന്ന് പ്രതി കടന്നുകളയുകയായിരുന്നു. ബാലമുരുകനെ കൊണ്ടുവന്നത് മതിയായ സുരക്ഷയൊരുക്കാതെയെന്ന ആക്ഷേപവും ഇതിനിടയിൽ ഉയരുന്നുണ്ട്. ബാലമുരുകൻ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൈവിലങ്ങില്ലാതെ പൊലീസിനോടൊപ്പം ഇയാൾ നടന്നുപോകുന്ന ദൃശ്യങ്ങളും ലഭിച്ചു.

കൂടാതെ ഇയാൾ ധരിച്ചിരുന്ന വസ്ത്രം സംബന്ധിച്ച് തെറ്റായ വിവരമാണ് തമിഴ്‌നാട് പൊലീസ് നൽകിയത്. കറുത്ത ഷർട്ടും വെള്ളമുണ്ടും എന്നായിരുന്നു തമിഴ്‌നാട് പൊലീസ് പറഞ്ഞത്. എന്നാൽ ദൃശ്യങ്ങളിൽ ഇളം നീല ഷർട്ടാണ് ബാലമുരുകൻ ധരിച്ചിരിക്കുന്നത്. പാലക്കാട് ആലത്തൂരിലെ ഹോട്ടലിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്‌നാട് കടയം സ്വദേശിയായ ബാലമുരുകൻ (44). നേരത്തെയും തമിഴ്‌നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ കവർച്ചാകേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. കേരള പൊലീസ് പിടികൂടിയതിനെ തുടർന്ന് ഇയാൾ വിയ്യൂർ ജയിലിലായിരുന്നു. ഇതിനിടെയാണ് തമിഴ്‌നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്.