ശബരിമല സ്വർണക്കൊള്ള പിണറായിയുടെ മൂന്നാമൂഴം തടഞ്ഞോ? നേരറിയാൻ അരയും തലയും മുറുക്കി പൊലീസ്

Thursday 06 November 2025 9:49 AM IST

കണ്ണൂർ: ശബരിമലയിലെ സ്വർണക്കൊള്ള സർക്കാരിന്റെ മൂന്നാമൂഴത്തിന് തടസമാണോ എന്നറിയാൽ പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ സർവേ ആരംഭിച്ചു. സ്വർണക്കൊള്ള വിശ്വാസികൾക്കിടയിൽ അവമതിപ്പുണ്ടാക്കിയോ എന്നും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേൽപ്പിച്ചിട്ടുണ്ടോ എന്നുമാണ് ചോദിച്ചറിയുന്നത്. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു മൂന്നാംപ്രതിയായതോടെ സർക്കാരും സിപിഎമ്മും കടുത്ത പ്രതിരോധത്തിലാണ്. ഇതിനൊപ്പം മറ്റൊരു മുൻ പ്രസിസന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യചെയ്യാൻ ഇടയുണ്ടെന്നും റിപ്പോർട്ടുണ്ട്. നിലവിലെ ദേവസ്വം ബോർഡിലേക്കും അന്വേഷണം നീളുന്നുണ്ട്. ഇതെല്ലാമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്.

സ്വർണക്കൊള്ള സ്വപ്നങ്ങൾ തച്ചുടയ്ക്കുമോ എന്നറിയുന്നതിനൊപ്പം സാമൂഹ്യക്ഷേമ പെൻഷൻ കൂട്ടിയത്, സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത് തുടങ്ങി സർക്കാരിന്റെ പ്രസ്റ്റീജ് പദ്ധതികൾ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം വോട്ടായി മാറുമോ, നിഷ്പക്ഷ വോട്ടർമാരുടെ നിലപാട് എങ്ങന്നെ എന്നും പരിശോധിക്കുന്നുണ്ട്. സാധാരണ ഒരുതിരഞ്ഞെടുപ്പിനുമുമ്പ് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി റിപ്പോർട്ട് നൽകാറുണ്ട്. എന്നാൽ അതുപോലുളള റിപ്പോർട്ട് ഇത്തവണ വേണ്ടെന്നും ഇഴകീറിയുള്ള സൂക്ഷ്മമായ വിലയിരുത്തലാണ് ആവശ്യമെന്നുമാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം.

സർക്കാരിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടോ, അങ്ങനെയെങ്കിൽ അതിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയവയും രഹസ്യ സർവേയിൽ ശേഖരിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്നവ എൽഡിഎഫിന്റെ പ്രകടന പട്ടികയിൽ ഇടംപിടിച്ചേക്കും എന്നും അറിയുന്നുണ്ട്. ഈമാസം പതിനഞ്ചിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

സാധാരണ തൊഴിലാളികൾ, ബസ്, ഓട്ടോറിക്ഷാ തൊഴിലാളികൾ, വിദ്യാർത്ഥികൾ അടക്കമുള്ള യുവജനങ്ങൾ, വനിതകൾ, വൃദ്ധർ, കച്ചവടക്കാർ, ജീവനക്കാർ തുടങ്ങിയവരിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നായിരിക്കും വിവരങ്ങൾ ശേഖരിക്കുന്നത്.