'ഞങ്ങളുടെ ഭക്ഷണ ട്രേയിൽ അഞ്ച് സാധനങ്ങൾ'; വന്ദേഭാരത് ട്രെയിനിലെ അനുഭവം പങ്കുവച്ച് ബ്രീട്ടിഷ് യുവതി

Thursday 06 November 2025 10:39 AM IST

ഇന്ത്യയിലെ ട്രെയിൻ യാത്രകളിൽ ഒരു വിപ്ലവം തീർത്തവയാണ് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ. ഇപ്പോഴിതാ അഞ്ചംഗ ബ്രീട്ടീഷ് കുടുംബം വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ' ദ ഹച്ചിൻസൺ ഫാമിലി' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദമ്പതികളും അവരുടെ കുട്ടികളുമാണ് നാല് മണിക്കൂർ വന്ദേഭാരതിൽ യാത്ര ചെയ്തത്. ട്രെയിനിലെ ഭക്ഷണം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.

'ഈ ടിക്കറ്റിന് ഒരാൾക്ക് ഏകദേശം 11 പൗണ്ട് ചെലവായി. ഭക്ഷണവും അതിനൊപ്പമുണ്ട്. ഭക്ഷണ ട്രേയിൽ ഒരു ഡയറ്റ് മിക്സ്ചർ,​ കാരമൽ പോപ്കോൺ,​ മാമ്പഴ ജ്യൂസ്,​ ഒരു ഇഞ്ചി ചായയുടെ പൊടി, പാറ്റി ( വടയ്ക്ക് സമാനമായ ഒരു ഭക്ഷണം) എന്നിവയുണ്ട്. ഈ ചായപ്പൊടി എന്തിനാണെന്ന് കരുതിയപ്പോൾ ചൂടുവെള്ളം തന്നു. അതിൽ ഇട്ട് കുടിച്ചപ്പോൾ നല്ല രുചി ഉണ്ടായിരുന്നു. ഈ ചായയുടെ മണവും കൊള്ളാം'- യുവതി വീഡിയോയിൽ പറയുന്നു.

വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. 1.4 മില്യൺ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. ഇന്ത്യയുടെ നല്ല വശം കാണിച്ചതിന് നന്ദിയുണ്ടെന്നും ചിലർ കമന്റ് ചെയ്തു. വളരെ സൗകര്യപ്രദമായ ട്രെയിനുകളിൽ ഒന്നാണ് വന്ദേഭാരതെന്നും കൂടുതൽ നല്ല യാത്ര അനുഭവം ഇത് നൽകുന്നുവെന്നും മറ്റൊരാൾ കമന്റ് ചെയ്തു. വീഡിയോ.