കെഎസ്‌ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥിയെ പാതിരാത്രി വഴിയിൽ ഇറക്കിവിട്ടു; പരാതിയുമായി കുടുംബം

Thursday 06 November 2025 10:54 AM IST

പരപ്പനങ്ങാടി: രാത്രി കെഎസ്‌ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥിയെ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. മധുരയിൽ ബി ടെക് ഒന്നാംവർഷ വിദ്യാർത്ഥിയായ കൊടക്കാട് സ്വദേശി അനിരുദ്ധിനെയാണ് ബസിൽ നിന്നും ഇറക്കിവിട്ടത്. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

രാത്രി ഒമ്പതരയോടെ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന എസി ലോഫ്ലോർ ബസിൽ ചേളാരിയിൽ നിന്ന് കയറിയ അനിരുദ്ധ് രാമനാട്ടുകരയിലേക്ക് ടിക്കറ്റെടുത്തു. പക്ഷേ, ജീവനക്കാർ അനിരുദ്ധിനെ നിസരി ജംഗ്‌ഷനിൽ ഇറക്കിവിട്ടെന്നാണ് കുടുംബത്തിന്റെ പരാതി.

രാത്രി 10.15ന് രാമനാട്ടുകരയിൽ നിന്ന് മധുരയിലേക്ക് പോകാനായി വിദ്യാർത്ഥി ടിക്കറ്റ് ബുക്ക് ചെയ്‌തതാണ്. എന്നാൽ, പാതിവഴിയിൽ ഇറങ്ങേണ്ടിവന്നതിനാൽ കൃത്യസമയത്ത് അവിടേക്ക് എത്താനായില്ല. ബസ് ജീവനക്കാരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌ആർടിസി അധികൃതർക്കും മന്ത്രി കെബി ഗണേശ് കുമാറിനും പരാതി നൽകിയതായി കുടുംബം അറിയിച്ചു.