'ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകിയത്, വിമർശനങ്ങളെ കാര്യമാക്കുന്നില്ല' 

Thursday 06 November 2025 11:09 AM IST

തിരുവനന്തപുരം: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയ്ക്ക് നൽകിയ വിവാദത്തിൽ പ്രതികരിച്ച് ജൂറി അംഗം ഗായത്രി അശോകൻ. പഴയ രചനകൾ മാത്രമല്ല മികച്ചതെന്നും ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും ഗായത്രി പറഞ്ഞു.

'സംഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളണം. ഓരോ ശെെലിക്കും അതിന്റേതായ മഹത്വമുണ്ട്. വിമർശനങ്ങളെ കാര്യമാക്കുന്നില്ല' - ഗായത്രി വ്യക്തമാക്കി.

അതേസമയം, മന്ത്രി സജി ചെറിയാനെതിരായ പരാമർശം റാപ്പർ വേടൻ തിരുത്തി. റാപ്പർ വേടനു പോലും അവാർഡ് കിട്ടി എന്ന സജി ചെറിയാന്റെ പരാമർശം അപമാനിക്കുന്നതിന് തുല്യമാണെന്നും അതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും നേരത്തെ റാപ്പർ വേടൻ പറഞ്ഞിരുന്നു. ഈ അഭിപ്രായങ്ങളാണ് വേടൻ ഇപ്പോൾ തിരുത്തിയിരിക്കുന്നത്.

മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌ത ആളാണ് മന്ത്രിയെന്നും വേടൻ പറഞ്ഞു. തനിക്കും തന്നെപ്പോെലെയുള്ള സ്വതന്ത്ര കലാകാരന്മാർക്കും ഒരുപാട് എഴുതാനും അവസരം നൽകുന്നതാണ് അവാർഡെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെപോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വർഷം സിനിമ പുരസ്കാര പ്രഖ്യാപനം നടത്തിയെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ വേടൻ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നിരുന്നു. 'വേടനെപോലും' എന്ന വാക്ക് വളച്ചൊടിക്കരുതെന്നും വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചതെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത്. ലൈംഗികപീഡന കേസുകള്‍ നേരിടുന്നയാള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നതിനെതിരെ വലിയ തോതിലുള്ള വിമർ‌ശനമാണ് ഉയരുന്നത്