ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിന്റെ മരുന്ന് കുടിച്ചു; പാലക്കാട് കുട്ടികൾ ചികിത്സയിൽ
പാലക്കാട്: ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിന്റെ മരുന്ന് കുടിച്ച സഹോദരങ്ങൾ ആശുപത്രിയിൽ. ആലത്തൂർ വെങ്ങന്നൂർ പേഴോട് ശ്രീദേവിയുടെ മക്കളായ അമ്പിളി (10), ആദിദേവ് (6) എന്നിവരാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുട്ടികൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
നവംബർ നാലിന് രാത്രി ഏഴ് മണിക്കാണ് സംഭവം നടന്നത്. ജ്യൂസ് കുപ്പിയിൽ നിറച്ച മരുന്ന് കുട്ടികൾ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. രുചിഭേദം വന്നതോടെ കുട്ടികൾ മരുന്ന് തുപ്പി. കുളമ്പുരോഗത്തിന് പുരട്ടുന്ന മരുന്നിൽ അമ്ലതയുള്ളതിനാൽ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റു.
വിവരമറിഞ്ഞ ഉടൻ ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ മൃഗാശുപത്രിയിൽ നിന്നാണ് മരുന്ന് വാങ്ങിയത്. വെങ്ങന്നൂർ ജിഎൽപി സ്കൂളിലെ വിദ്യാർത്ഥികളാണിവർ.