യാത്രക്കാരുടെ ആവശ്യം മനസിലാക്കി മന്ത്രി ഗണേശ് കുമാർ, നാലാമത്തെ എസി സ്ലീപ്പറിന്റെ റൂട്ടുവിവരങ്ങൾ പുറത്ത്
കൊച്ചി: യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ ബസുകൾ നിറത്തിലിറക്കി കെഎസ്ആർടിസി. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ സർവീസാണ് ഇതിൽ പ്രധാനം.നിലവിൽ ഓടിയിരുന്ന സ്വിഫ്റ്റ് എസി സീറ്റർ ബസിന് പകരമാണ് എസി സ്ലീപ്പർ എത്തിയത്. ഇതോടെ ബംഗളൂരു- എറണാകുളം റൂട്ടിൽ പ്രതിദിന സ്ലീപ്പറുകളുടെ എണ്ണം നാലായി.
രാത്രി 9.30ന് പീനിയ ബസവേശ്വർ ടെർമിനലിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. സാറ്റ്‌ലൈറ്റ്, ശാന്തിനഗർ, പാലക്കാട്, തൃശൂർ വഴി രാവിലെ 9.40ന് എറണാകുളത്തെത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സമയക്രമീകരണം. എറണാകുളത്തുനിന്ന് വൈകിട്ട് ആറരയ്ക്ക് ബംഗളൂരുവിന് പുറപ്പെടുന്ന ബസ് തൃശൂർ, പാലക്കാട് വഴി രാവിലെ 6.15ന് ബംഗളൂരു പീനിയയിലെത്തും. 36 ബെർത്തുകളാണ് ബസുകളിലുള്ളത്. 1520 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഓൺലൈൻ വഴിയാണ് ബുക്കിംഗ്.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് രാത്രി 8.05, 8.30, 9.05 സമയങ്ങളിലാണ് സ്ലീപ്പർ ബസുകൾ സർവീസ് നടത്തുന്നത്. സ്വിഫ്റ്റ്, എസി ഗജരാജ സ്ലീപ്പർ സർവീസുകാണ് ഇവ. ഇതേസമയത്തുതന്നെ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ള ബസുകളും പുറപ്പെടും.
ആറുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്ആർടിസിക്ക് അത്യന്താധുനിക സൗകര്യങ്ങളുളള ബസുകൾ എത്തിയത്. ഇന്ത്യയിലെ ഏറ്റവും നൂതനവും യാത്രക്കാർക്ക് സൗകര്യപ്രഥവുമായ ബസുകളാണ് സർവീസ് ഇവയെല്ലാം. ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ പ്രത്യേക നിർദ്ദേശം അനുസരിച്ചായിരുന്നു ബോഡി നിർമാണം ഉൾപ്പെടെ നടന്നത്.