വർക്കല ട്രെയിനിലെ ക്രൂരത; ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കൂ, നിർണായക സാക്ഷിക്കായി തെരച്ചിൽ

Thursday 06 November 2025 1:00 PM IST

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ വച്ച് യുവതിയെ ചവിട്ടി പുറത്തേക്കിട്ട പ്രതി സുരേഷിനെ കീഴ്‌പ്പെടുത്തിയ ആളെ തെരഞ്ഞ് പൊലീസ്. സിസിടിവിയിൽ പതിഞ്ഞ ചുവന്ന ഷർട്ട് ധരിച്ച യുവാവിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ട്രെയിനിൽ അതിക്രമം നേരിട്ട യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയടക്കം രക്ഷിച്ചത് ഇയാളാണെന്നാണ് വിവരം.

അക്രമിയെ ട്രെയിനിൽ വച്ച് കീഴടക്കിയ ഇയാൾ കേസിലെ സുപ്രധാന സാക്ഷിയാണ്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ചിത്രം പുറത്തുവിട്ടത്. മാതൃകാപരമായ ഇടപെടൽ നടത്തിയ ഇയാളെ കണ്ടെത്തി ആദരിക്കുമെന്നാണ് റെയിൽവേ പൊലീസ് അറിയിച്ചത്. യുവതിയെ തള്ളിയിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവതിയെയും അക്രമി തള്ളിയിടാൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ ചുവന്ന ഷർട്ട് ധരിച്ചെത്തിയ ആളാണ് യുവതിയെ താഴെവീഴാതെ രക്ഷിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കാനാണ് നിർദേശം.