കേരളത്തിൽ തെങ്ങും തേങ്ങയും ഇല്ലാതാവുന്നതിന് പ്രധാനകാരണം അന്യസംസ്ഥാനക്കാർ, തിരിച്ചുവരവ് അത്ര എളുപ്പമല്ല
തിരുവനന്തപുരം: കേരം തിങ്ങും കേരളം എന്നത് പാഠപുസ്തകങ്ങളിൽ മാത്രമാണ് ഇപ്പോഴുള്ളത്. കേരളത്തിൽ കേരം എത്തണമെങ്കിൽ തമിഴൻ കനിയണമെന്നാണ് അവസ്ഥ. സംസ്ഥാനത്ത് തെങ്ങും തേങ്ങയും തീരെ ഇല്ലാത്ത നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഒരുകിലോ തേങ്ങ വേണമെങ്കിൽ എൺപതുരൂപയെങ്കിലും കൊടുക്കണം. ഇങ്ങനെ കിട്ടുന്നതിൽ കൂടുതലും പാകമാവാത്തവയായിരിക്കും. തേങ്ങയുടെ വിലപോലെതന്നെ വെളിച്ചെണ്ണയുടെ വിലയും കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലമാണ് വില അല്പമെങ്കിലും പിടിച്ചുനിറുത്താനാവുന്നത്. കേരളത്തിന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥവന്നത്. പല കാരണങ്ങളാണ് ഇതിന് വിദഗ്ദ്ധർ നിരത്തുന്നത്. പഴയ അവസ്ഥയിലേക്കുള്ള കേരളത്തിന്റെ മടങ്ങിപ്പോക്ക് അത്ര എളുപ്പമല്ലെന്നും അവർ പറയുന്നു.
പ്രധാന വില്ലൻ കാലാവസ്ഥമാത്രമല്ല
കാലാവസ്ഥവ്യതിയാനമാണ് കേരളത്തിൽ തേങ്ങയുല്പാദനം കുറയാൻ ഒരുകാരണം. മഴ കുറഞ്ഞതും ചൂടുകൂടിയതും ശത്രുകീടങ്ങളുടെ വളർച്ചയെ വേഗത്തിലാക്കുന്നു. തെങ്ങിന്റെ പ്രധാന ശത്രുവായ ചെമ്പൻ ചെല്ലിയുടെ ആക്രമണം കൂടാൻ കാരണവും കാലാവസ്ഥാ വ്യതിയാനമാണ്.
കാലാവസ്ഥയ്‌ക്കൊപ്പം വിഗദ്ധരായ തെങ്ങുകയറ്റക്കാരുടെ അഭാവവും വില്ലനാവുന്നുണ്ട്. ഇപ്പോൾ തെങ്ങുകയറുന്നവരിൽ കൂടുതലും അന്യസംസ്ഥാനക്കാരാണ്. യന്ത്രമുപയോഗിച്ച് തെങ്ങുകയറുന്ന ഇവർ തേങ്ങയിടൽ മാത്രമേ ചെയ്യുന്നുള്ളൂ. പരമ്പരാഗത തെങ്ങുകയറ്റക്കാർ തെങ്ങിന്റെ മണ്ട (മുകൾ ഭാഗം) നന്നായി വൃത്തിയാക്കുകയും കീടങ്ങൾ വളരാനുള്ള സാഹചര്യം തീരെ ഇല്ലാതാക്കുകയും ചെയ്യുമായിരുന്നു. ഉണങ്ങിയ ഓലകളും മടലുകളും നീക്കം ചെയ്തശേഷം തെങ്ങിൻ മുകളിലെ മാലിന്യങ്ങൾ നിയന്ത്രിതമായി തീയിട്ട് നശിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതിലൂടെ കീടങ്ങൾ വളരാനുള്ള സാഹചര്യം ഏറക്കുറെ പൂർണമായും ഒഴിവാക്കുമായിരുന്നു. എന്നാൽ അന്യസംസ്ഥാനക്കാരായ തെങ്ങുകയറ്റക്കാർക്ക് ഇക്കാര്യങ്ങൾ അറിയില്ല. അതിനാൽ വൃത്തിയാക്കൽ നടക്കാറില്ല. ഇത് കീടങ്ങൾ വളരാൻ അനുകൂല സാഹചര്യമൊരുക്കുകയും തെങ്ങിനെ സമ്പൂർണനാശത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
വില്ലകളും വീടുകളും
കേരളത്തിൽ തെങ്ങ് കൃഷിയുടെ വ്യാപ്തി ഓരോദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വില്ലകളും, ഫ്ലാറ്റുകളും, വീടുകളും കെട്ടിപ്പൊക്കുന്നതിനായി തെങ്ങിൻതോപ്പുകൾ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാൾമുമ്പുവരെ ഒരു തെങ്ങെങ്കിലും ഇല്ലാത്ത വീടുകൾ കേരളത്തിൽ അത്യപൂർവമായിരുന്നു. എന്നാൽ ഇപ്പോഴിത് സർവസാധാരണമായി.
തമിഴ്‌നാടിനെ കണ്ടുപഠിക്കണം
തേങ്ങയുടെ സാദ്ധ്യത മനസിലാക്കിയതോടെ തമിഴന്മാർ തെങ്ങുകൃഷി കൂടുതൽ ശാസ്ത്രീയമാക്കി. വിഗദ്ധരുടെ സേവനം ഉൾപ്പെടെ തേടിയാണ് ഇത് ചെയ്യുന്നത്. രോഗബാധ തടയാനും ഉല്പാദനം കൂട്ടാനുള്ള മാർഗങ്ങളും അവർ അവലംബിക്കുന്നു. മാത്രമല്ല തെങ്ങുകൃഷി അവർ വ്യാപകമാക്കുന്നുണ്ട്. എന്നാൽ കേരളം ഇപ്പോഴും ഉറക്കത്തിലാണ്. ഇതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല. റബറിന് വില കുറഞ്ഞതോടെ റബർ തോട്ടങ്ങൾ വെട്ടിമാറ്റി കൂടുതൽപ്പേർ തെങ്ങുകൃഷി തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തെങ്ങുകൃഷി വ്യാപകമാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് വൈകിയെങ്കിലും ആരംഭിച്ചതും ആശയ്ക്ക് വകനൽകുന്നുണ്ട്.