'തൃശൂരിന്റെ തണ്ടെല്ല് പ്രകടിപ്പിക്കും,​ കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ ജനങ്ങളുടെ മുന്നിൽ വോട്ട് അഭ്യർത്ഥിച്ച് വരില്ല'

Thursday 06 November 2025 1:42 PM IST

തൃശൂർ: കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ ‌ജനങ്ങൾക്കുമുന്നിൽ വോട്ട് അഭ്യർത്ഥിച്ച് വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. പോരാളിയെ പോലെ പൊരുതുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിശാസ്ത്രപരമായി ഇടുക്കിയിൽ എയിംസ് പൂർത്തിയാക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ തൃശൂർക്കാരുടെ എംപി മാത്രമല്ലെന്നും കേരളത്തിന്റെ മുഴുവൻ എംപിയാണെന്നും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ എസ് ജി കോഫി ടൈംസ് പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.

'കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ ഞാൻ നിങ്ങളുടെ മുൻപിൽ വോട്ട് അഭ്യർത്ഥിച്ച് വരില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആപ്തവാക്യം സബ്കാ സാത് സബ്കാ വികാസ് എന്നാണ്. കഴിഞ്ഞ മൂന്ന് വർഷമായി സബ്കാ പ്രയാസ് സബ്കാ വിശ്വാസ് എന്നാണ്. എല്ലാവരുടെയും പ്രയത്നം ഇതിലുണ്ടായിരിക്കണം. എല്ലാവർക്കുംവേണ്ടിയായിരിക്കണം വികസനം. എയിംസിന്റെ കാര്യത്തിൽ സംസ്ഥാനത്തിന് മുഴുവൻ നേട്ടമാകുന്ന തരത്തിലായിരിക്കും തറക്കല്ലിടൽ ചടങ്ങ് നടക്കുക.

ഇടുക്കിയും ആലപ്പുഴയുമാണ് ഏ​റ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ഇതുവരെയായിട്ടും അവർ ദുരിതത്തിൽ നിന്ന് കര കയറിയിട്ടില്ല. ഭൂമിശാസ്ത്രപരമായി ഇടുക്കിയിൽ എയിംസ് വരുന്നത് സാദ്ധ്യമല്ല. ഞാൻ അന്നുമുതൽക്കേ എയിംസിനെക്കുറിച്ച് പറയുന്നതാണ്. വാക്കുമാ​റ്റിയിട്ടില്ല. ഞാൻ കേരളത്തിനുവേണ്ടിയാണ് സംസാരിക്കുന്നത്. തൃശൂർകാരാണ് എന്നെ എംപിയായി തിരഞ്ഞെടുത്തത്. അതിനുമുൻപേ ഞാൻ പറഞ്ഞിരുന്നു. തൃശൂരിനുവേണ്ടി മാത്രമല്ല ഞാൻ പ്രവർത്തിക്കുന്നത്, കേരളത്തിനുവേണ്ടിയായിട്ടായിരിക്കും ഞാൻ പ്രവർത്തിക്കുകയെന്ന്.

ആലപ്പുഴയ്ക്ക് എന്തെങ്കിലും കാരണവശാൽ എയിംസ് ലഭിച്ചില്ലെങ്കിൽ തൃശൂരിന്റെ തണ്ടെല്ല് ഞാൻ പ്രകടിപ്പിക്കും. ഭൂമിശാസ്ത്രപരമായി ഏറെ അനുയോജ്യമായ സ്ഥലം തൃശൂരാണ്. ഒരു പോരാളിയെ പോലെ ഞാൻ പൊരുതി വാങ്ങും. ആ വാക്കിലും മാ​റ്റമില്ല. കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത്, കേരളത്തിൽ എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് വരുമെന്നാണ്'- സുരേഷ് ഗോപി പറഞ്ഞു.