തിരുവനന്തപുരത്ത് കെഎസ്‌ആർടിസി ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
Thursday 06 November 2025 2:19 PM IST
തിരുവനന്തപുരം: വഴയിലയിൽ കെഎസ്‌ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. വഴയില പെട്രോൾ പമ്പിന് സമീപത്തുവച്ചായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനടിയിൽപ്പെട്ടാണ് രാജേഷ് മരിച്ചത്. ബസിന് ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്യുന്നതിനിടെ കല്ലിനുമേൽ സ്‌കൂട്ടറിന്റെ ചക്രംകയറി നിയന്ത്രണംവിട്ട് ബസിന്റെ അടിയിൽ വീണ രാജേഷിന്റെ ദേഹത്തുകൂടി പുറകുവശത്തെ ടയർ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.