ആ ഭാവമൊക്കെ അപൂർവം നടന്മാർക്കേ ചെയ്യാനാകൂ; മമ്മൂട്ടിയോ മോഹൻലാലോ അല്ല, ഇഷ്ടതാരം മറ്റൊരാളെന്ന് ഊർമിള ഉണ്ണി

Thursday 06 November 2025 3:08 PM IST

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഊർമിള ഉണ്ണി. സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത നടി ബിസിനസിൽ സജീവമാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഊർമിള ഉണ്ണി.

സുരാജ് വെഞ്ഞാറമൂടാണ് ഏറ്റവും ഇഷ്ടപ്പെട്ട നടനെന്നും ഊർമിള ഉണ്ണി വ്യക്തമാക്കി. 'മമ്മൂട്ടിയോ മോഹൻലാലോ എന്ന് പറയുമെന്നല്ലേ വിചാരിച്ചത്. ആക്ഷൻ ഹീറോ ബൈജുവിലാണെന്ന് തോന്നുന്നു, സുരാജിന്റെ പൊലീസ് സ്റ്റേഷനിലെ സീൻ... അയ്യോ എന്തൊരു നന്നായിട്ടാണ് അയാൾ അഭിനയിച്ചിരിക്കുന്നത്. തന്റെ കുട്ടിയല്ലെന്ന് അറിയുമ്പോഴുള്ള പ്രകടനം. ഈ ജന്മത്ത് മറക്കില്ല. അതുപോലെ ഇന്ദ്രൻസ്. എന്ത് കഥാപാത്രം കൊടുത്താലും നന്നായി ചെയ്യും.

അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സുരാജിന്റെയൊക്കെ നെറ്റിയും കണ്ണുമൊക്കെ മാറുന്നത് കണ്ടിട്ടുണ്ടോ. ആ ഒരു ഭാവമൊക്കെ അപൂർവം നടന്മാർക്ക് വരുന്നതാണ്. സുരാജ് എന്റെ മോനായി അഭിനയിച്ചിട്ടുണ്ട്. നടി ഉർവശിയെയാണ് ഇഷ്ടം. തമാശയും സീരിയസും എന്തും തന്മയത്തത്തോടെ ചെയ്യും.

'വശ്യഗന്ധി'യുടെ ലോകത്താണ് താനിപ്പോൾ ജീവിക്കുന്നതെന്നും ഊർമ്മിള ഉണ്ണി വ്യക്തമാക്കി. ഊർമ്മിള ഉണ്ണിയുടെ പെർഫ്യൂം ബ്രാൻഡാണ് വശ്യഗന്ധി. ഇപ്പോൾ ബിസിനസ് തിരക്കിലാണ് നടി. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നും അവർ വ്യക്തമാക്കി.

നർത്തകിയാണെങ്കിലും ഇപ്പോൾ നൃത്തവുമായി ബന്ധമില്ലെന്നും ഊർമിള പറഞ്ഞു. മകൾ ഉത്തരയാണ് ഡാൻസ് ക്ലാസൊക്കെ എടുക്കുന്നത്. കലാക്ഷേത്രയിൽ പഠിക്കുകയെന്നതൊക്കെ വലിയ ആഗ്രഹമായിരുന്നു. നടന്നില്ല. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഡാൻസ് ചെയ്യാൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു.