മലപ്പുറം  എസ്‌പി  ക്യാമ്പ്  ഓഫീസിലെ  മരം മുറി; എസ്‌‌പി  സുജിത്ത്  ദാസിനെതിരെ  പരാതി  നൽകിയ  എസ്ഐ‌  ജോലി രാജിവച്ചു

Thursday 06 November 2025 4:16 PM IST

മലപ്പുറം: മലപ്പുറം എസ്‌ പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ട് എസ് പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ് ഐ ജോലി ഉപേക്ഷിച്ചു. എസ് ഐ ശ്രീജിത്ത് നരേന്ദ്രനാണ് ജോലി ഉപേക്ഷിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ശ്രീജിത്ത് കത്തയച്ചു.

മരം മുറിയിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും തനിക്കെതിരെ പ്രതികാര നട‌പടി സ്വീകരിക്കുകയാണെന്നും കത്തിൽ പറയുന്നു. തന്നെയും കുടുംബത്തെയും അപമാനിക്കുന്നു. ഇനി സർവീസിൽ തുടരുന്നതിനോട് താത്‌പര്യമില്ല. സേനയോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ സേനയിൽ തുടരാൻ താത്‌പര്യമില്ല. സേനയിൽ നിന്ന് യാതൊരു ആനുകൂല്യവും കൈപ്പറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീജിത്ത് നരേന്ദ്രൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ സുജിത്ത് ദാസിന്റെ പങ്ക് അടക്കം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നേരത്തെ പരാതി നൽകിയിരുന്നു. പരാതി ഫയലിൽ സ്വീകരിച്ചെങ്കിലും നടപടിയുണ്ടായില്ല.

മലപ്പുറം എസ് പിയായിരിക്കെ, എസ്. പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തുകയും ഫർണിച്ചറുണ്ടാക്കി പുറത്ത് നൽകുകയും ചെയ്തതിന് സുജിത്തിനെതിരേ ഡി ഐ ജി അജീതാബീഗത്തിന്റെ അന്വേഷണമുണ്ടായിരുന്നു. മരം മുറിയെക്കുറിച്ച് പി വി അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ അൻവറിന് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതും വലിയ വിവാദമായിരുന്നു. സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് കരിപ്പൂരിൽ പിടികൂടുന്ന സ്വർണത്തിൽ 60 ശതമാനംവരെ അടിച്ചുമാറ്റുന്നതായി അൻവർ ആരോപിച്ചതും വാർത്തയായിരുന്നു.