തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി

Thursday 06 November 2025 4:31 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. ഇന്നലെയാണ് കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മരിച്ചത്.

ഹൃദ്‌രോഗ ബാധിതനായി എത്തിയ വേണുവിന് ആറുദിവസം കഴിഞ്ഞിട്ടും ആൻജിയോഗ്രാം പോലും ചെയ്‌തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. താൻ മരിച്ചാൽ അതിന് കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്‌ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

'തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൊത്തത്തിൽ ഭയങ്കര അഴിമതിയാണ്. അഴിമതികൊണ്ട് ആറാടിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും കാര്യം ആരെങ്കിലും വന്ന് ചോദിച്ചുകഴിഞ്ഞാൽ ഇവർ ഒരക്ഷരം ശബ്ദിക്കത്തില്ല. യൂണിഫോമിട്ടിരിക്കുന്നവരോട് ചോദിച്ചുകഴിഞ്ഞാൽ നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞുനോക്കില്ല. എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി വെള്ളിയാഴ്‌ച രാത്രി ഞാൻ ഇവിടെ വന്നതാണ്. ഇന്ന് ബുധൻ. ആറ് ദിവസം തികയുകയാണ്.

എമർജൻസിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട രോഗിയാണ്. ഇവർ എന്റെ പേരിൽ കാണിക്കുന്ന കാര്യപ്രാപ്തിയില്ലായ്മ എന്താണെന്ന് മനസിലാകുന്നില്ല. റൗണ്ട്‌സിന് പരിശോധിക്കാൻ വന്ന ഡോക്ടറോട് ആൻജിയോഗ്രാം എപ്പോഴായിരിക്കുമെന്ന്‌ ചോദിച്ചപ്പോൾ അവർക്ക് യാതൊരു ഐഡിയയുമില്ല. കൈക്കൂലി വാങ്ങിച്ചുകൊണ്ടാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് വ്യക്തമല്ല.

തിരുവനന്തപുരം പോലൊരു സ്ഥലത്ത് ഒരു കുടുംബത്തിലെ രണ്ട് പേർ നിൽക്കണമെങ്കിൽ എത്ര രൂപ ചെലവാകുമെന്നറിയാമോ. സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമായിരിക്കേണ്ട ആശുപത്രി ഓരോ ജീവന്റെയും ശാപമായിക്കൊണ്ടിരിക്കുകയാണ്. ഞാൻ അറിവില്ലാതെ വന്ന് ഇവിടെ വീണുപോയി. എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ ഇവിടത്തെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ വോയിസ് പുറംലോകത്തെ അറിയിക്കണം.'- എന്നാണ് വേണു സുഹൃത്തിനോട് പറഞ്ഞത്. ഈ ശബ്ദ സന്ദേശം അയച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം മരിക്കുകയും ചെയ്തു.