വാങ്ങാനാഗ്രഹിച്ചത് നിരവധി പേർ, ഒടുവിൽ പപ്പായ വിറ്റത് 40,000 രൂപയ്‌ക്ക്; അതിനൊരു കാരണമുണ്ട്
ഒരു പപ്പായക്ക് എത്ര രൂപ കിട്ടും? നാൽപ്പതിനായിരം രൂപയ്ക്ക് വരെ വാങ്ങാൻ ആളുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം സത്യമാണ്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ താലൂക്കിലെ ഒരു ക്ഷേത്രത്തിൽ നടന്ന ലേലത്തിലാണ് പപ്പായ ഇത്രയും ഉയർന്ന തുകയ്ക്ക് വിറ്റുപോയത്.
കനസഗിരിയിലെ മഹാദേവ ക്ഷേത്രത്തിന് നൂറിലധികം വർഷങ്ങൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഈ ക്ഷേത്രത്തിലേക്ക് ഭക്തർ എത്താറുണ്ട്. എല്ലാ വർഷവും ഉത്സവത്തിനും മറ്റുമായി ഇവിടെ ഭക്തർ ഒത്തുകൂടാറുണ്ട്. തങ്ങളുടെ കൃഷിയിടങ്ങളിൽ വിളയുന്ന പഴങ്ങൾ ദേവന് വഴിപാടായി കൊണ്ടുവരുന്നു. ഇവ മഹാദേവന്റെ സന്നിധിയിൽ വയ്ക്കും. തുടർന്ന് ലേലത്തിൽ വിൽക്കുകയാണ് ചെയ്യുന്നത്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റുമാണ് ഉപയോഗിക്കുന്നത്.
ക്ഷേത്രത്തിൽ രാത്രി വൈകി ലേലം നടക്കുന്നു. ലേലം എന്നത് ആളുകൾക്ക് വിശ്വാസത്തിന്റെയും അന്തസിന്റെയും പ്രകടനമാണ്. ഓരോ ഭക്തനും ഉയർന്ന തുക നൽകി സാധനങ്ങൾ സ്വന്തമാക്കുന്നു. ഇത്തവണത്തെ ലേലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒരു പപ്പായയാണ്. ഏകദേശം ഒരു കിലോയോളം തൂക്കമാണ് പപ്പായയ്ക്കുള്ളത്. നിരവധി പേർ വാങ്ങാനെത്തി. ഒടുവിൽ ഉദയ് റാണെ എന്ന ഭക്തനാണ് നാൽപ്പതിനായിരം ചെലവഴിച്ച് പപ്പായ സ്വന്തമാക്കിയത്.
ഇതുമാത്രമല്ല ഒരു തേങ്ങ ലേലത്തിൽ വിറ്റത് ആയിരം രൂപയ്ക്കാണ്. ഒരു ഡസൻ വാഴപ്പഴത്തിന് 800 രൂപയും ലഭിച്ചു. പുറത്തുനിന്നുള്ളവർക്ക് ഇത് യുക്തിരഹിതമായി തോന്നിയേക്കാം. എന്നാൽ ഭക്തരെ സംബന്ധിച്ച് അങ്ങനെയല്ല, തങ്ങളെ കാക്കുന്ന ദേവന് നൽകുന്ന ദക്ഷിണയായിട്ടാണ് ഇവർ ഇതിനെ കാണുന്നത്.