സഞ്ജുവിനെ കളിപ്പിച്ചില്ല, ഓസ്‌ട്രേലിയയെ 48 റണ്‍സിന് വീഴ്ത്തി; ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ മുന്നില്‍

Thursday 06 November 2025 6:51 PM IST

ക്വീന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ മുന്നില്‍. അഞ്ച് മത്സര പരമ്പരയിലെ നാലാം മത്സരത്തില്‍ 48 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ 2-1ന് ഇന്ത്യ മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ മറുപടി 18.2 ഓവറില്‍ വെറും 119 റണ്‍സിന് അവസാനിച്ചു. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ 28 (21), ശുബ്മാന്‍ ഗില്‍ 46 (39) റണ്‍സ് വീതം നേടി. മൂന്നാമനായി ക്രീസിലെത്തിയ ശിവം ദൂബെ 22 (18), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 20 (10), തിലക് വര്‍മ്മ 5 (6), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 3 (4) എന്നിങ്ങനെയാണ് പിന്നീട് വന്ന ബാറ്റര്‍മാരുടെ സംഭാവന. മലയാളി താരം സഞ്ജു സാംസണെ ഇന്നത്തെ മത്സരത്തിലും കളിപ്പിച്ചില്ല. പകരം ജിതേഷ് ശര്‍മ്മയ്ക്ക് ആണ് അവസരം നല്‍കിയത്.

വാഷിംഗ്ടണ്‍ സുന്ദര്‍ 12 (7), അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 21* (11) എന്നിവരാണ് ടീം സ്‌കോര്‍ 150 കടത്തിയത്. അര്‍ഷ്ദീപ് സിംഗ് പൂജ്യത്തിന് പുറത്തായപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി ഒരു റണ്‍ നേടി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംബ, നഥാന്‍ എലീസ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം കിട്ടി.

മറുപടി ബാറ്റിംഗില്‍ ഓസീസ് നിരയില്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 30(24), മാത്യു ഷോര്‍ട്ട് 25(19) എന്നിവരൊഴികെ ആരും തിളങ്ങിയില്ല. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതവും, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തിലെ വിജയത്തോടെ ഇന്ത്യക്ക് പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പായി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസും മൂന്ന്, നാല് മത്സരങ്ങള്‍ ഇന്ത്യയും വിജയിച്ചിരുന്നു.