'റോഡ് സുരക്ഷ എന്റെ ഉത്തരവാദിത്തം' റോട്ടറി ക്ലബ്ബ് സൈക്ലോത്തൺ 16ന്

Friday 07 November 2025 12:37 AM IST

കൊച്ചി: റോഡ് അപകടങ്ങളിൽ മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കുന്ന നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച (16ന്) 'റോഡ് സുരക്ഷ എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശവുമായി റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ സൈക്ലോത്തൺ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 5.30ന് കളമശേരി ഡക്കാത്തലോണിൽ ഇന്ത്യൻ വോളിബാൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. കളമശേരി, വൈറ്റില, കടവന്ത്ര, ഹൈക്കോടതി ജംഗ്ഷൻ, കണ്ടെയ്നർ റോഡ് വഴി 50കിലോമീറ്റർ സഞ്ചരിച്ച് വൈകിട്ട് 7.30ന് കളമശേരിയിൽ സമാപിക്കും.

റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക് ഗവർണർ ഡോ.ജി.എൻ. രമേശ്, ജില്ല പൊലീസ് കമ്മീഷണർ അശ്വതി ജിജി, പൊലീസ് കമാഡന്റ് ജാക്സ്ൺ പീറ്റർ, ആർ.ടി.ഒ കെ.ആ. സുരേഷ് എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാനത്തെ പ്രധാന റണ്ണിംഗ്, സൈക്ലിംഗ് ഗ്രൂപ്പുകൾ, ജില്ലയിലെ വിവിധ റോട്ടറി ക്ലബ് അംഗങ്ങൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് പ്രതിനിധികൾ, എൻ.ജി.ഒകൾ, റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായ മറ്റ് സംഘടനകൾ എന്നിവരുൾപ്പെടെ 500ലധികം ആളുകൾ പങ്കെടുക്കും. സംസ്ഥാന പൊലീസ് വകുപ്പിനായി ഇലക്ട്രിക് ടൂവീലർ നിർമ്മാതാക്കളായ ന്യൂമറോസ് മോട്ടോഴ്‌സ് ഈ ചടങ്ങിൽ 5 ഇരുചക്ര വാഹനങ്ങൾ

കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു. റോട്ടറി ഇന്റർനാഷണൽ കൊച്ചി ചെയർമാൻ പി.മനോജ് കുമാർ, പി.വി. ചന്ദ്രശേഖർ, എ.ടി.രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.