ഡോൾഫിനെ നിരീക്ഷിക്കാം, കൊച്ചിയിലെത്താതെ...
കൊച്ചി: ഡോൾഫിനുകളെയും തിമിംഗിലങ്ങളെയും മറ്റ് സമുദ്ര സസ്തനികളെയും അവയുടെ വാസമേഖലയിൽ എത്താതെ തന്നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം. ഇതുവഴി 100 കണക്കിന് കിലോമീറ്റർ അകലെയിരുന്ന് സമുദ്ര സസ്തനികളെ ഗവഷണ, നിരീക്ഷണങ്ങൾക്ക് വിധേയമാക്കാം. ‘പാസീവ് അക്കോസ്റ്റിക് മോണിറ്ററിംഗ് ’ എന്ന ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യയാണ് ഇത് സാദ്ധ്യമാക്കുന്നത്. ഡോൾഫിൻ സാന്നിദ്ധ്യമുള്ള കൊച്ചി തീരത്തുൾപ്പെടെ ഇത് പുതിയ നിരീക്ഷണങ്ങൾക്ക് വഴിതെളിക്കും. പുതിയ സംവിധാനം സി.എം.എഫ്.ഐയിൽ നടന്ന ആഗോള മറൈൻ സിമ്പോസിയത്തിലെ പ്രധാന ചർച്ചകളിൽ ഒന്നായി.
സമുദ്ര സസ്തനികളുടെ ദീർഘകാല സംരക്ഷണത്തിന് ദേശീയ കർമ്മ പദ്ധതി രൂപീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ആവാസവ്യവസ്ഥാ നശീകരണം, മലിനീകരണം, കപ്പലുകളുമായുള്ള കൂട്ടിയിടി, മത്സ്യബന്ധന വലകളിലെ കുരുക്ക് എന്നിവ സസ്തനികൾക്ക് പ്രധാന ഭീഷണിയാണ്. എന്നാൽ മത്സ്യബന്ധനം സമുദ്ര സസ്തനികൾക്ക് കാര്യമായ ദോഷം ഉണ്ടാക്കുന്നില്ലെന്ന് സി.എം.എഫ്.ആർഐ പഠനം തെളിയിച്ചിട്ടുണ്ട്.
കരയ്ക്കടിയുന്ന ജീവികളെ കൈകാര്യം ചെയ്യാനും പോസ്റ്റ്‌മോർട്ടം നടത്താനും യോഗ്യരായ ശാസ്ത്രജ്ഞർക്ക് അധികാരം നൽകണമെന്നും ഡേറ്റ ശേഖരണത്തിനും പ്രതികരണത്തിനുമായി ദേശീയ പ്രോട്ടോക്കോൾ ഉണ്ടാകുന്നത് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ട. കുഫോസ് വൈസ്ചാൻസലർ ഡോ എ. ബിജുകുമാർ, ഡോ ജെ.ജയശങ്കർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉൾപ്പെടെ സംസാരിച്ചു.
പ്രകാശത്തേക്കാൾ വേഗം
ശബ്ദത്തെ അടിസ്ഥാനമാക്കിയാണ് ‘പാസീവ് അക്കോസ്റ്റിക് മോണിറ്ററിംഗ് ’ സംവിധാനം പ്രവർത്തിക്കുന്നത് . വെള്ളത്തിനടിയിലൂടെ പ്രകാശത്തേക്കാൾ വേഗതയിൽ ശബ്ദം സഞ്ചരിക്കും. അതിനാൽ രാപ്പകൽ ഭേദമില്ലാതെ സമുദ്രജീവികളെ നിരീക്ഷിക്കാൻ സാധിക്കും. ബൂയികൾ, ടാഗുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കടൽ സസ്തനികളുടെ ശബ്ദങ്ങൾ പിടിച്ചെടുത്ത് അവയുടെ സാന്നിദ്ധ്യം, എണ്ണം, ദേശാടന വഴികൾ എന്നിവ കണ്ടെത്താനാകും. നിർമിത ബുദ്ധിയും മെഷീൻ ലേണിംഗും കൂടി സംയോജിപ്പിക്കുന്നതിലൂടെ ഓരോ ഇനം സസ്തനികളെയും കൃത്യമായി മനസിലാക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു.