ഷഡ്കാല ഗോവിന്ദമാരാർ സംഗീതോത്സവത്തിന് നാളെ തുടക്കം
കൊച്ചി: ഷഡ്കാല ഗോവിന്ദമാരാരുടെ സ്മരണാർത്ഥം കേരള സംഗീത നാടക അക്കാഡമി ഒരുക്കുന്ന രണ്ട് ദിവസത്തെ സംഗീതോത്സവത്തിന് നാളെ രാമമംഗലത്ത് തുടക്കമാകും. ഗോവിന്ദ മാരാർ സ്മാരക കലാസമിതി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 9.30ന് സാഹിത്യ അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് താഴത്തേടത്ത് മുരളീധരനും സംഘവും അവതരിപ്പിക്കുന്ന കേളി, 10.30ന് തൃക്കാമ്പുറം ജയൻ അവതരിപ്പിക്കുന്ന സോപാനസംഗീതം, 11ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം ഗായകരുടെ സോപാന സംഗീതാർച്ചന, ഉച്ചകഴിഞ്ഞ് 3ന് നന്ദിനി വർമ്മ അവതരിപ്പിക്കുന്ന തായമ്പക എന്നിവ അരങ്ങേറും. വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി അദ്ധ്യക്ഷത വഹിക്കും. ആർ.എൽ.വി ദാമോദര പിഷാരടിയെ ചടങ്ങിൽ ആദരിക്കും. വൈകിട്ട് 6ന് ഡോ.ബേബി ശ്രീറാം സംഗീത കച്ചേരി അവതരിപ്പിക്കും.
9ന് രാവിലെ 10ന് നെച്ചൂർ രതീശന്റെ ത്യാഗരാജപഞ്ചരത്ന കീർത്തനലാപനം, ഉച്ചയ്ക്ക് 2മുതൽ തിരഞ്ഞെടുക്കപ്പെട്ട ഗായകരുടെ സോപാന സംഗീതാർച്ചന, വൈകിട്ട് 5ന് തുറവൂർ ബ്രദേഴ്സ് ( വിനീത് കമ്മത്ത്, രാകേഷ് കമ്മത്ത്) എന്നിവരുടെ സോപാനസംഗീതം, 6.30ന് മഞ്ജു വി.നായർ അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവയാണ് പരിപാടികൾ.
കഴിഞ്ഞ മൂന്ന് പതിറ്രാണ്ടിലേറെയായി നടന്നുവരുന്ന സംഗീതോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പുതുതലമുറയിലെ യുവ ഗായകരുടെ സോപാനസംഗീതാർച്ചന ഉൾപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ്, ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി സെക്രട്ടറി കെ. ജയചന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ പി.പി. രവീന്ദ്രൻ, പി.ജി.വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.