ഐ.ടി ജീവനക്കാരനെ എ.ടി.എമ്മിന് മുന്നിൽ ആക്രമിച്ചു; പ്രതി അറസ്റ്റിൽ

Thursday 06 November 2025 9:52 PM IST
മുഹമ്മദ് ആരിഫ്

കൊച്ചി: എ.ടി.എം കൗണ്ടറിൽനിന്ന് കൂട്ടുകാരിക്കൊപ്പം പുറത്തിറങ്ങുന്നതിനിടെ ഐ.ടി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പൂയപ്പള്ളി സ്വദേശി മുഹമ്മദ് ആരിഫാണ് (35) പിടിയിലായത്. ഹിമാചൽപ്രദേശിൽ ഒളിവിലായിരുന്ന പ്രതി കഴിഞ്ഞദിവസം ആലുവയിൽ എത്തിയപ്പോൾ റൂറൽ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്ത് നോർത്ത് പൊലീസിന് കൈമാറുകയായിരുന്നു.

കാക്കനാട് ഇൻഫോപാർക്ക് ഫേസ് ടുവിൽ ജീവനക്കാരനായ എറണാകുളം സ്വദേശി അജയകുമാറിനെ സെപ്തംബർ 7ന് പുലർച്ചെയാണ് എറണാകുളം നോർത്ത് എസ്.ആർ.എം റോഡിലെ എ.ടി.എം കൗണ്ടറിന് മുന്നിൽവച്ച് ആക്രമിച്ചത്.

പ്രതിയുടെ സ്നേഹിതയായിരുന്ന യുവതിയെ നോർത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ എത്തിയതായിരുന്നു അജയകുമാർ. തലേദിവസം രാത്രി യുവതിയുമായി അജയകുമാർ ബൈക്കിൽ വരുമ്പോൾ കാക്കനാട് സംസ്കാര സ്കൂളിന് മുന്നിൽവച്ച് ഇരുവരെയും പ്രതി തടയുകയും തന്നോടൊപ്പം വരാൻ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് വഴങ്ങാത്തതിന്റെ വൈരാഗ്യത്തിലാണ് പുലർച്ചെ അജയകുമാറും യുവതിയും എ.ടി.എമ്മിൽ കയറി പുറത്തിറങ്ങിയപ്പോൾ ആക്രമിച്ചത്.

ഊബർ ഡ്രൈവറായ പ്രതി സംഭവത്തിനുശേഷം നാടുവിട്ടിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.