തരിശുപാടങ്ങൾ ഇനി കതിരണിയും
കോഴിക്കോട്: വർഷങ്ങളായി തരിശായി കിടക്കുന്ന പാടങ്ങളെ കതിരണിയിക്കാൻ കോഴിക്കോട് ജില്ലാ ഭരണകൂടം. തരിശുപാടങ്ങളായി കണ്ടെത്തിയ 2560 ഹൈക്ടറിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ കൃഷിയിറക്കി വിളവ് കൊയ്യുകയാണ് ലക്ഷ്യം. ഇതിനായി സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കും.
നിലവിൽ 2057.8 ഹെക്ടറിലാണ് ജില്ലയിൽ നെൽകൃഷിയുള്ളത്. 2560 ഹെക്ടർ തരിശുനിലം കൂടി കൃഷിയോഗ്യമാക്കുമ്പോൾ കോഴിക്കോട് കേരളത്തിന് തന്നെ മാതൃകയാവും. നിലവിൽ തേങ്ങയ്ക്കും റബറിനും പിറകിലായി മൂന്നാംസ്ഥാനത്താണ് സംസ്ഥാനത്ത് നെൽകൃഷി. 2009-10 മുതൽ 2018-19 വരെയുള്ള 10 വർഷത്തെ കാലയളവിൽ വിസ്തൃതിയിൽ 15 ശതമാനവും ഉത്പ്പാദനത്തിൽ 3.5 ശതമാനവും നെൽകൃഷിയിൽ കുറവുണ്ടായി. നെൽ ഉത്പ്പാദനം പുനരുജ്ജീവിപ്പിക്കാനും ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നൽകാനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. സംസ്ഥാനത്ത് 25,000 ഹെക്ടർ തരിശുഭൂമി കൃഷിയിലേക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിൽ 5,000 ഹെക്ടർ നെൽകൃഷിക്ക് കീഴിലാക്കും.
പഠനറിപ്പോർട്ട്
.ജില്ലയിലെ ആകെ നെൽപ്പാടം 2057.8 ഹെക്ടർ
.തരിശുഭൂമി 2560 ഹെക്ടർ
.കഴിഞ്ഞ പതിറ്റാണ്ടുകളിൽ നെൽകൃഷിയുടെ വിസ്തൃതി ഗണ്യമായി കുറഞ്ഞു
.തെങ്ങ് കൃഷി വ്യാപകമായി
.ഭൂരിഭാഗം പാടശേഖരങ്ങളും വെള്ളക്കെട്ട് അഭിമുഖീകരിക്കുന്നു
പഠനരീതി
.നെൽകൃഷി ഭൂമിയുടെയും തരിശുഭൂമിയുടെയും വിസ്തൃതി മാപ്പ് ചെയ്തു
.ജില്ലയിലെ ഭൂവിനിയോഗ മാറ്റം വിശകലനം നടത്തി രണ്ട് വ്യത്യസ്ത കാലയളവിലെ (20056, 202021) എൽ.യു.എൽ.സി മാപ്പ് തയ്യാറാക്കി.
.ഡ്രെയിനേജ് പഠനം നടത്തി
.ഡ്രോൺ സർവേ നടത്തി
''കോഴിക്കോട് ജില്ലയിലെ നെൽകൃഷിയുടെ വിസ്തൃതി വർദ്ധിപ്പിക്കാൻ പൊതുവായ പഠനത്തിന് പകരം സൂക്ഷ്മതലത്തിൽ പഠിച്ച് ഓരോ പാടങ്ങൾക്കും എന്താണ് ആവശ്യമെന്ന് മനസിലാക്കി സമഗ്രമായ റിപ്പോർട്ടാണ് സി.ഡബ്ല്യു.ആർ.ഡി.എം റിപ്പോർട്ട് സമർപ്പിച്ചത്. ഇത്തരമൊരു ശാസ്ത്രീയ പഠനം കേരളത്തിൽ ആദ്യമായാണ്.'
മനോജ് പി മാത്യുവൽ, എക്‌സിക്യുട്ടീവ് ഡയറക്ടർ, സി.ഡബ്ല്യു.ആർ.ഡി.എം.
''കോഴിക്കോട് ജില്ലയിൽ വെള്ളമില്ലാത്തതല്ല മറിച്ച് വെള്ളംതങ്ങി നിൽക്കുന്നതാണ് നെൽകൃഷിക്ക് ഏറ്റവും വലിയ തടസം. ആവളപാണ്ടി നെൽകൃഷിയിടം ഇതിന് ഉദാഹരണമാണ്. അവിടങ്ങളിൽ വെള്ളം ഒഴുകാനുള്ള ചാലുകൾ നിർമ്മിച്ചാൽ എളുപ്പത്തിൽ കൃഷിയിറക്കാൻ സാധിക്കും.'
അമ്പിളി ജി.കെ, സീനിയർ സയന്റിസ്റ്റ്, സി.ഡബ്ല്യു.ആർ.ഡി.എം.