എൽ.ഐ.സി അറ്റാദായത്തിൽ കുതിപ്പ്

Friday 07 November 2025 12:57 AM IST

അറ്റാദായം 31 ശതമാനം വർദ്ധിച്ച് 10,098 കോടി രൂപയായി

കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) അറ്റാദായം 31 ശതമാനം ഉയർന്ന് 10,098 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ കമ്പനിയു‌ടെ അറ്റാദായം 7,728 കോടി രൂപയായിരുന്നു. അതേസമയം എൽ.ഐ.സിയുടെ അറ്റ ലാഭം ആദ്യ ത്രൈമാസത്തേക്കാൾ എട്ടു ശതമാനം കുറഞ്ഞു.

കമ്പനിയുടെ പ്രീമിയം വരുമാനം 5.5 ശതമാനം ഉയർന്ന് 1,26,930 കോടി രൂപയിലെത്തി. ആദ്യ വർഷ പ്രീമിയം മുൻവർഷത്തെ 11,245 കോടി രൂപയിൽ നിന്ന് 10,884 കോടി രൂപയായി കുറഞ്ഞു. പുതുക്കൽ പ്രീമിയം 62,236 കോടി രൂപയിൽ നിന്ന് 65,320 കോടി രൂപയായി. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആദ്യ അർദ്ധ വർഷത്തിൽ എൽ.ഐ.സിയുടെ അറ്റാദായം 16 ശതമാനം വർദ്ധനയോടെ 21,040 കോടി രൂപയിലെത്തി. മൊത്തം പ്രീമിയം വരുമാനം ഇക്കാലയളവിൽ അഞ്ച് ശതമാനം ഉയർന്ന് 2,45,680 കോടി രൂപയിലെത്തി.