ഉജ്ജ്വലബാല്യം തിളക്കത്തിൽ ജില്ലയിലെ കുട്ടികൾ

Friday 07 November 2025 12:57 AM IST

പത്തനംതിട്ട : വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിൽ ജില്ലയിലെ മൂന്ന് വിദ്യാർഥികൾക്ക് നേട്ടം. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഭിന്നശേഷി ദീത്രയ്ക്ക് വെല്ലുവിളിയല്ല

നാരങ്ങാനം: സെറിബ്രൽ പാൾസിയിൽ തളരാതെ കായികമേഖലയെ ഹൃദയത്തിലേറ്റതിന്റെ നേട്ടമാണ് ദീത്ര ദിലീപ് കരസ്ഥമാക്കിയത്. 12 - 18 വയസ് ഭിന്നശേഷി വിഭാഗത്തിലാണ് പുരസ്‌കാരനേട്ടം. നാരങ്ങാനം പാറയ്ക്കൽ വീട്ടിൽ ദിലീപിന്റെയും ബിന്ദുവിന്റെയും മകളാണ് ദീത്ര. നാരങ്ങാനം ഗവ.ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷം സെറിബ്രൽ പാൾസി വിഭാഗത്തിൽപ്പെട്ടവരുടെ സംസ്ഥാന കായികമേളയിൽ 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും ഷോട്പുട്ടിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. സ്‌കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിലും കഴിവ് തെളിയിച്ചു. നാരങ്ങാനം പഞ്ചായത്തിലെ മികച്ച കുട്ടി കർഷകയാണ്. ആറാം ക്ലാസ് മുതൽ ഓട്ടത്തിലും ഷോർട്പുട്ടിലും പരിശീലനം നടത്തുന്നു. കഴിഞ്ഞമാസം ഗോവയിൽ നടന്ന നാഷണൽ സി പി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞു. ക്ലാസ് ടീച്ചറായ പ്രിയ പി.നായർ പിന്തുണയുമായി ദീത്രയ്ക്ക് ഒപ്പമുണ്ട്. സഹോദരങ്ങൾ: ദീപ്തി, കൃഷ്ണനന്ദ.

അശ്വിന് പിറന്നാൾ സമ്മാനം

പത്തനംതിട്ട: അശ്വിന് പിറന്നാൾ സമ്മാനം ഉജ്ജ്വലബാല്യം പുരസ്‌കാരം. നവംബർ ഒന്നിനായിരുന്നു 15ാം ജന്മദിനം. വരയിൽ തെളിഞ്ഞതാണ് അശ്വിന് ലഭിച്ച മിന്നും പുരസ്‌കാരം. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് വള്ളിക്കോട് തെക്കേമുറി മുരുപ്പേൽ കെ.പി.അജയകുമാറിന്റേയും പി.ആർ.മായയുടേയും ഏകമകനായ അശ്വിൻ അജയൻ (15). ചിത്രരചന, ക്രാഫ്റ്റ് മേഖലയിലെ കഴിവ് പരിഗണിച്ച് 12 - 18 വയസ് പൊതുവിഭാഗത്തിലാണ് പുരസ്‌കാരനേട്ടം. ചിത്രരചനയുടെ പലഭാവങ്ങളിലേക്ക് അശ്വിൻ കടന്നുകഴിഞ്ഞു. പെൻസിൽ ഡ്രോയിംഗ് , ഓയിൽ പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ് എന്നിവയിൽ കഴിവ് തെളിയിച്ചു. താഴൂർ ദേവീക്ഷേത്രത്തിൽ കോലമെഴുത്ത് പരിശീലിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ ശാസ്ത്രമേളയിൽ ഫാബ്രിക് പെയിന്റിംഗി​ൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്കുള്ള ടിക്കറ്റും ഉറപ്പാക്കി. ലളിതകലാ അക്കാദമിയുടെ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്. പേപ്പർ ക്രാഫിറ്റി​ലൂടെ വിവിധ രൂപങ്ങളുണ്ടാക്കിയും ക്വിസ് മത്സരങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായും ഈ പതിനഞ്ചുകാരൻ അഭിമാനമാകുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും അശ്വിനിലൂടെ പ്രതീക്ഷയുടെ പൊൻവെട്ടം കാണുകയാണ് മാതാപിതാക്കൾ.

നേഹയ്ക്ക് ഇരട്ടിമധുരം

അടൂർ : രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് ഗിന്നസ് റെക്കാഡിൽ ഇടംപിടിച്ച നേഹ എസ്.കൃഷ്ണന് ഉജ്ജ്വലബാല്യം പുരസ്കാരം ഇരട്ടിമധുരമായി. 57 സെക്കൻഡിൽ 65 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞായിരുന്നു കൊച്ചുമിടുക്കി ഗിന്നസിൽ പേരെഴുതിചേർത്തത്. ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ റെക്കാഡാണ് നേഹ തിരുത്തിയത്. പത്തനംതിട്ട ജില്ലയിൽ നിന്ന് ഗിന്നസ് റെക്കാഡ് നേടിയ ആദ്യ കുട്ടിയും ഏഴാമത്തെ വ്യക്തിയുമാണ് നേഹ (10). അടൂർ സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് മാനേജർ കടമ്പനാട് തുവയൂർ ശ്രീഹരിയിൽ പാർവതിയുടെയും കുളനട കേരള ഗ്രാമീൺ​ ബാങ്ക് അസിസ്റ്റന്റ് മാനേജർ സനേഷ് കൃഷ്ണന്റെയും മകളാണ്. കടമ്പനാട് തുവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ നേഹ യൂണിവേഴ്സൽ റെക്കാഡ് ഫോറത്തിന്റെ (യു ആർ എഫ്) റെക്കാഡും നേടിയിട്ടുണ്ട്. 6 -11 വയസ് പൊതുവിഭാഗത്തിലാണ് ഉജ്ജ്വലബാല്യ പുരസ്‌കാരം നേടിയത്. നൃത്തം, ചിത്രരചന, ഗാനാലാപനം, കളരി എന്നിവയിൽ പരിശീലനം തുടരുന്നുണ്ട്. സഹോദരി: വേദ എസ്.കൃഷ്ണൻ.