ഐ.പി.ഒ തിളക്കത്തിൽ കണ്ണ് മങ്ങരുത്
ഐ.പി.ഒ പെരുമഴയിൽ കരുതൽ വേണം
കൊച്ചി: രാജ്യത്തെ പ്രാഥമിക ഓഹരി വിൽപ്പന വിപണി അസാധാരണമായ മുന്നേറ്റമാണ് കാഴ്ചവക്കുന്നത്. നിക്ഷേപകർക്ക് അവസരങ്ങൾക്കൊപ്പം വെല്ലുവിളികളും പുതിയ സാഹചര്യം സൃഷ്‌ടിക്കുന്നു.
ടെക് കമ്പനികൾ മുതൽ പരമ്പരാഗത വ്യവസായങ്ങൾ വരെ പബ്ലിക് ഇഷ്യുകളുമായി രംഗത്തുണ്ട്. ഇത്തരം ഐ.പി.ഒകളിൽ ചാടിവീഴുന്ന നിക്ഷേപകർ ഏറെയാണ്. വ്യക്തിഗത നിക്ഷേപർക്ക് 35 ശതമാനം ഓഹരികൾ നീക്കിവെച്ചിട്ടുള്ളതിനാൽ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്നുമുണ്ട്. ഭേദപ്പെട്ട ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. ലിസ്റ്റിംഗ് ദിനത്തിൽ ഓഹരി വില ഉയർന്നാൽ അപ്പോൾ തന്നെ വിറ്റ് ലാഭമെടുക്കാമെന്നതാണ് നിക്ഷേപകരെ ഐ.പി.ഒ വിപണിയിലേക്ക് ആകർഷിക്കുന്നത്. വ്യക്തിഗത നിക്ഷേപരിൽ 40 ശതമാനവും ലിസ്റ്റിംഗ് ദിനത്തിൽ വിറ്റൊഴിയുകയാണ്. എന്നാൽ എല്ലാ ഓഹരികൾക്കും ആദ്യ ദിനം വില കുതിക്കണമെന്നില്ല. കമ്പനിയുടെ അടിസ്ഥാന ഗുണങ്ങളെല്ലാം നല്ലതാണെങ്കിലും ലിസ്റ്റിംഗിൽ ഇടിവ് നേരിട്ടാൽ എത്ര അനുകൂല ഘടകങ്ങളുണ്ടെങ്കിലും വില കയറണമെന്നില്ല. കഴിഞ്ഞ വർഷം നടത്തിയ 130 പ്രധാനപ്പെട്ട ഐ.പി.ഒകളിൽ 90 എണ്ണത്തിന് ലിസ്റ്റിംഗ് ദിനത്തിൽ വിലക്കയറ്റമുണ്ടായി. അതിൽ 90 എണ്ണത്തിന്റെ ഓഹരി വില 20 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ 20 എണ്ണത്തിന് നേട്ടം 50 ശതമാനത്തിലധികമാണ്.
ലിസ്റ്റിംഗിന് ശേഷം വിലത്തകർച്ച നേരിട്ട ഓഹരികളുമുണ്ട്. പേടിഎം, എൽ.ഐ.സി എന്നിവ ഉദാഹരണങ്ങളാണ്. മറുവശത്ത് ഡീമാർട്ട്, ഐ.ആർ.സി.ടി.സി എന്നീ കമ്പനികൾ ദീർഘകാല നേട്ടമാണ് നൽകുന്നത്. പാഠം വളരെ വ്യക്തമാണ്. ഐ.പി.ഒ ഭാഗ്യക്കുറിയല്ല. ദീർഘകാലം കൈവശം വെയ്ക്കാൻ ലഷ്യമിട്ട് മാത്രം കമ്പനികളുടെ ഐ.പി.ഒകളിൽ പങ്കെടുക്കുക. താൽക്കാലിക നേട്ടം മാത്രമാകരുത് ലക്ഷ്യം. ഹ്രസ്വകാല ലാഭത്തിനായി പായുന്നത് ആകർഷകമാണെങ്കിലും ക്ഷമയും ചിന്തയുമാണ് സ്ഥിരമായ സമ്പത്ത് സൃഷ്ടിക്കുന്നത്. നല്ല കമ്പനികളുടെ ഓഹരി വിലയിൽ വർദ്ധനയുണ്ടാകാൻ സമയം എടുക്കും. ആദ്യദിന ലിസ്റ്റിംഗിൽ നഷ്ടമായാലും ദീർഘകാലം കാത്തിരിക്കാനുള്ള ധൈര്യം വേണം.
ശ്രദ്ധിക്കേണ്ട വസ്തുതകൾ
1. കമ്പനിയുടെ യഥാർത്ഥ ബിസിനസ് മോഡൽ എന്താണ്?
2. ഇഷ്യു വില താരതമ്യം ചെയ്യുമ്പോൾ യുക്തിസഹമാണോ?
3. പ്രമോട്ടർമാർ എന്ത് ആവശ്യത്തിനാണ് പണം സമാഹരിക്കുന്നത് ?
4. കമ്പനി യഥാർത്ഥത്തിൽ ലാഭത്തിലേക്കുള്ള വഴിയിലാണോ?
നിക്ഷേപകർ പരിഗണിക്കേണ്ടത്
കമ്പനി കടബാധ്യത, വരുമാന വളർച്ച, മാനേജ്‌മെന്റ് വിശ്വാസ്യത തുടങ്ങിയവ പരിശോധിക്കണം. സ്വതന്ത്ര റിവ്യൂകളും സാമ്പത്തിക വാർത്തകളും ശ്രദ്ധിക്കുക. ഐ.പി.ഒകളിൽ മുഴുവൻ പണം മുടക്കാതെ വൈവിദ്ധ്യമാർന്ന നിക്ഷേപം നടത്തുക. ഐ.പി.ഒ മാർക്കറ്റ് ഇന്ത്യൻ ഇക്വിറ്റി സംസ്കാരത്തിന്റെ ഭാഗമാണ്. പക്ഷേ ആവേശത്തിന് ഒപ്പം ജാഗ്രതയും വേണം.