അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പ്രശംസ
പത്തനംതിട്ട : തിരുവല്ല നഗരത്തിൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ആർ.സന്തോഷിനും കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദിനും കോടതിയുടെ അഭിനന്ദനം.
2019ൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലെ വിധികേൾക്കാനായി മാത്രം ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ ആർ.സന്തോഷ് കുമാർ പത്തനംതിട്ട കോടതിയിലെത്തി.
അന്ന് തിരുവല്ല സി.ഐ ആയിരുന്നു പി.ആർ.സന്തോഷ്. അന്വേഷണം നടത്തി 89ാം ദിവസം കുറ്റപത്രം ഹാജരാക്കിയിരുന്നു. മികച്ച രീതിയിൽ തെളിവുകൾ ഹാജരാക്കി കുറ്റാന്വേഷണം നടത്തിയതിനാണ് കോടതി ഇദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചത്.
നിലവിൽ എറണാകുളം ടൗൺ സൗത്ത് എസ്.എച്ച്.ഒയാണ് സന്തോഷ്.
വിധിപകർപ്പ് എറണാകുളം പൊലീസ് മേധാവിക്കും പത്തനംതിട്ട പൊലീസ് മേധാവിക്കും അയയ്ക്കുമെന്നും പി.ആർ.സന്തോഷ്, അഡ്വ.ഹരിശങ്കർ പ്രസാദ് എന്നിവർക്ക് അഭിനന്ദനകത്ത് നൽകാൻ ആവശ്യപ്പെടുമെന്നും കോടതി അറിയിച്ചു.
അന്നത്തെ എസ്.പിയായിരുന്ന ജയദേവ്, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഗോപകുമാർ എന്നിവർ വലിയ സഹായമായിരുന്നുവെന്ന് എസ്.എച്ച്.ഒ സന്തോഷ് പറഞ്ഞു. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഗോപകുമാറും കോടതിയിലെത്തിയിരുന്നു. സി.സി.ടിവി ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടും സാക്ഷിമൊഴികളും കേസിന് ഗുണം ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥനായ സന്തോഷ് ആത്മാർത്ഥയും അർപ്പണമനോഭാവവും കാണിച്ചുവെന്നും ഗവ. പ്ലീഡർ ഹരിശങ്കർ പ്രസാദ് കൃത്യമായി പ്രോസിക്യൂഷനെ നയിച്ചുവെന്നും കോടതി വിലയിരുത്തി.
കൊലപാതകം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് അജിൻ, കവിതയെ സമീപിച്ചതെന്ന് വ്യക്തമായിരുന്നു. കേസ് അന്വേഷണത്തിനിടയിൽ ഒരിക്കൽ പോലും പ്രതിക്ക് കുറ്റബോധം തോന്നിയിട്ടില്ല. കൊലപാതകം വളരെ ആലോചിച്ച് ഉറപ്പിച്ചെടുത്ത് ചെയ്ത കൃത്യമായിരുന്നു.
ആർ.സന്തോഷ്, അന്വേഷണ ഉദ്യോഗസ്ഥൻ
വിചാരണയ്ക്ക് മുമ്പ് ഒളിവിൽ
വിചാരണയ്ക്ക് മുമ്പ് പുറത്തിറങ്ങിയ അജിൻ ഒളിവിൽ പോയത് പൊലീസിനെ വലച്ചിരുന്നു. മിസിംഗ് കേസായി കോയിപ്രം സ്റ്റേഷനിൽ രജിസ്റ്രർ ചെയ്തു അന്വേഷണ നടന്നുവരവേ മുംബയിലേക്ക് കടന്ന പ്രതി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ പിടികൂടുകയായിരുന്നു. തുടർന്ന് കോയിപ്രം പൊലീസ് തിരുവല്ല പൊലീസിന് പ്രതിയെ കൈമാറുകയായിരുന്നു.
കേസിലെ സാക്ഷികൾ : 43
ഹാജരാക്കിയ രേഖകൾ : . 94
കുറ്റപത്രം സമർപ്പിച്ചത് സംഭവം നടന്ന് 89-ാം ദിവസം