'സേവന അവകാശ കമ്മീഷൻ' വരുമെന്ന് മന്ത്രി പി. രാജീവ്

Friday 07 November 2025 12:00 AM IST

ആലുവ: കേരളത്തിൽ 'സേവന അവകാശ കമ്മീഷൻ' രൂപീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ചുണങ്ങംവേലിയിൽ 250 കോടി രൂപ നിക്ഷേപത്തിൽ എൻ.ഡി.ആർ ഗ്രൂപ്പ് ആരംഭിക്കുന്ന വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രീയൽ പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് അവകാശങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. കമ്മീഷന് ഏത് ഓഫീസിലും എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ 3,000 രൂപ മുതൽ 15,000 രൂപവരെ പിഴയിടാം. വകുപ്പുതല നടപടിക്കും ശുപാർശ ചെയ്യാം.

അൻവർ സാദത്ത് എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി എ.പി. മുഹമ്മദ് ഹനീഷ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, പ്രതിപക്ഷ നേതാവ് സാജു മത്തായി, കമ്പനി സി.ഇ.ഒ രാജ് ശ്രീനിവാസൻ,ബിസിനസ് ഹെഡ് എൻ. ശ്രീനിവാസൻ, ഏരിയ മാനേജർ തോമസ് ടി. പൊട്ടൻകുളം എന്നിവർ സംസാരിച്ചു.