'നായ ആയിപ്പോലും പരിഗണിച്ചില്ല" , ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ ഓട്ടോഡ്രൈവർ മരിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ യഥാസമയം ലഭിക്കാത്തതു സംബന്ധിച്ച് സുഹൃത്തിന് ശബ്ദസന്ദേശം അയച്ച ഗൃഹനാഥൻ മണിക്കൂറുകൾക്കുള്ളിൽ മരിച്ച സംഭവം ആരോഗ്യരംഗത്തെ വീണ്ടും വിവാദങ്ങളുടെ ഇരുട്ടിലാക്കി. നാടിന്റെ തീരാനൊമ്പരവും രാഷ്ട്രീയരംഗത്തെ പ്രതിഷേധവുമായി മാറിയ സംഭവം ഒരു പാവപ്പെട്ട കുടുംബത്തിന്റെ തീരാനഷ്ടവുമാണ്. കൊല്ലം പന്മന സ്വദേശി വേണുവാണ് (48) ആശുപത്രി അധികൃതരുടെ അലംഭാവംമൂലം ബുധനാഴ്ച രാത്രി മരിച്ചത്.
ജീവനക്കാർ നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും രോഗികളെ നോക്കുന്നില്ലെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ശബ്ദസന്ദേശത്തിൽ. താൻ മരിച്ചാൽ മെഡിക്കൽ കോളേജ് ആശുപത്രിയാണ് കാരണമെന്നും ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.
സംഭവത്തിൽ മന്ത്രി വീണാജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥനോട് റിപ്പോർട്ട് തേടി. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാർഡിയോളജി വിഭാഗം കൃത്യമായ ചികിത്സ നൽകിയെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറയുന്നത്.
ഓട്ടോ ഡ്രൈവറായ വേണുവിന് വെള്ളിയാഴ്ച രാത്രിയാണ് നെഞ്ചുവേദനയുണ്ടായത്. അസിഡിറ്റിയാണെന്ന് കരുതിയെങ്കിലും കുറയാതെ വന്നതോടെ ശനിയാഴ്ച രാവിലെ ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെനിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. ഇ.സി.ജിയിൽ വ്യത്യാസം കണ്ടതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ സിന്ധുവും ഒപ്പമുണ്ടായിരുന്നു.
ആംബുലൻസിൽ അതിവേഗം എത്തിച്ച് അഞ്ചുദിവസം കഴിഞ്ഞിട്ടും ആൻജിയോഗ്രാം നടത്തിയില്ലെന്നാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന് ശബ്ദസന്ദേശം അയച്ച വേണുവിന് വൈകിട്ട് 6.30ഓടെ അസ്വസ്ഥതയുണ്ടായി. ഉടൻ ഐ.സി.യുവിലും വെന്റിലേറ്ററിലുമാക്കി. രാത്രി 8.15ഓടെയായിരുന്നു മരണം. എന്തെങ്കിലും അറിയേണ്ട കാര്യങ്ങൾ ചോദിച്ചാൽ കേട്ടഭാവമില്ല. കൈക്കൂലി വാങ്ങിയാണോ ഇവർ കാര്യങ്ങൾ ചെയ്യുന്നതെന്ന് അറിയില്ലെന്നും സഹപാഠിയായ അൻവറിന് അയച്ച ശബ്ദസന്ദേശത്തിലുണ്ട്. രോഗാവസ്ഥയെക്കുറിച്ച് വേണുവിനെയോ ഭാര്യയെയോ ധരിപ്പിക്കുന്നതിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ആൻജിയോഗ്രാം ചെയ്യാൻ കഴിഞ്ഞില്ല രോഗിക്ക് ആൻജിയോഗ്രാം ചെയ്യാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല. ക്രിയാറ്റിൻ അടക്കം കൂടുതലായിരുന്നു. അത് നിയന്ത്രിക്കാതെ ആൻജിയോഗ്രാം ചെയ്യാൻ സാധിക്കില്ല- ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു.
വേദന വന്ന് 12മണിക്കൂർ കഴിഞ്ഞതിനാൽ ആൻജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. നേരത്തെ സ്ട്രോക്ക് വന്നിട്ടുള്ളയാളാണ്. ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ല. വാർത്തയിലൂടെയാണ് വിവരം ശ്രദ്ധയിൽപ്പെട്ടതെന്നും സൂപ്രണ്ട് പറഞ്ഞു. ആദ്യം മെഡിസിൻ വാർഡിലായിരുന്ന രോഗിയെ മൂന്നിന് കാർഡിയോളജി വിഭാഗം രണ്ടാം വാർഡിൽ അഡ്മിറ്റാക്കി. ക്രിയാറ്റിൻ കുറയ്ക്കുന്നതിന് ആവശ്യമായ മരുന്നുകൾ നൽകി. ബുധനാഴ്ച ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റി. കൃത്യമായി ചികിത്സ നൽകിയിട്ടും ഇത്തരം കാര്യങ്ങൾ കേൾക്കേണ്ടിവരുന്നത് ദുഃഖകരമാണെന്നും കൂട്ടിച്ചേർത്തു.
ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ശബ്ദസന്ദേശം മരണമൊഴിയായി പരിഗണിച്ച് ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
-വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്