പാലക്കാട് തരിശുരഹിതമായി നാല് പഞ്ചായത്തുകൾ

Friday 07 November 2025 1:19 AM IST

പാലക്കാട്: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ തരിശുരഹിത ഗ്രാമമായി മാറിയത് നാല് ഗ്രാമപഞ്ചായത്തുകൾ. മൂന്ന് പഞ്ചായത്തുകൾ സമ്പൂർണ ഹരിത സമൃദ്ധി പഞ്ചായത്താവുകയും ചെയ്തു. ഹരിത കേരളം മിഷന്റെ ലക്ഷ്യങ്ങളിലൊന്നായ കാർഷിക സമൃദ്ധിയിലൂടെ മുതുതല, കോട്ടായി, കിഴക്കഞ്ചേരി, എലവഞ്ചേരി പഞ്ചായത്തുകളാണ് തരിശുരഹിതമെന്ന ലക്ഷ്യം കൈവരിച്ചത്. കിഴക്കഞ്ചേരി, വെള്ളിനേഴി, ചളവറ പഞ്ചായത്തുകൾ സമ്പൂർണ ഹരിത സമൃദ്ധി പഞ്ചായത്ത് എന്ന നേട്ടവും കൈവരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൃഷി യോഗ്യമായ മുഴുവൻ തരിശുഭൂമിയും കൃഷിയിലേക്ക് കൊണ്ടുവന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തരിശുരഹിത പ്രദേശങ്ങളാക്കി മാറ്റുന്നതിനായുള്ള പ്രത്യേക കാമ്പയിനാണ് തരിശുരഹിത ഗ്രാമം പദ്ധതി. കൃഷി വകുപ്പ്, കുടുംബശ്രി തുടങ്ങി വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും ഏകോപനത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. മുതുതലയാണ് പാലക്കാട് ജില്ലയിലെ ആദ്യത്തെ തരിശുരഹിത പഞ്ചായത്തായത്. തുടർന്ന് കോട്ടായി, കിഴക്കഞ്ചേരി, എലവഞ്ചേരി പഞ്ചായത്തുകളും തരിശുരഹിത ഗ്രാമപഞ്ചായത്തുകളായി.

കൃഷി വകുപ്പിന്റെ സഹായത്തോടെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനായി ഒരു വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറിതൈകൾ നട്ടുവളർത്തുക എന്നതാണ് ഹരിത സമൃദ്ധി വാർഡ് എന്ന ക്യാമ്പയിനിന്റെ ലക്ഷ്യം. പാലക്കാട് ജില്ലയിലെ 59 വാർഡുകൾ ഹരിത സമൃദ്ധി വാർഡുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.