സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം , ഹാട്രിക് ലക്ഷ്യമിട്ട് മലപ്പുറം
പാലക്കാട്: സ്കൂൾ ശാസ്ത്രോത്സവം ഇന്ന് പാലക്കാട് തുടങ്ങുമ്പോൾ ഹാട്രിക് കിരീടം നേടാനുറച്ച് മലപ്പുറം. കഴിഞ്ഞവർഷം ആലപ്പുഴയിൽ നടന്ന ശാസ്ത്രോത്സവത്തിൽ 1450 പോയിന്റോടെയാണ് മലപ്പുറം ഓവറാൾ ചാമ്പ്യൻമാരായത്. കണ്ണൂരിനായിരുന്നു രണ്ടാം സ്ഥാനം. കോഴിക്കോട് മൂന്നാം സ്ഥാനത്തും. പുതുക്കിയ മാന്വൽ പ്രകാരം ചില പരമ്പരാഗത മത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 450 ലേറെ വിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് ഹാട്രിക് ലക്ഷ്യമിട്ട് മലപ്പുറത്തു നിന്ന് പാലക്കാട്ടെത്തുന്നത്.
വിദ്യാർത്ഥികൾ വർക്ക് എക്സ്പീരിയൻസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കിരീടം. ഇതിനായി ഈ അക്കാഡമിക വർഷത്തിൽതന്നെ ചിട്ടയായ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. അത് ജില്ലാ ശാസ്ത്രോത്സവത്തിൽ പ്രകടമായിരുന്നു. ജില്ല ശാസ്ത്രോത്സവത്തിനു ശേഷം വിദ്യാർത്ഥികൾക്ക് കൂടുതൽ നേരം പരിശീലനം ഓരോ വിഭാഗങ്ങളിലും നൽകാനായതിൽ വലിയ പ്രതീക്ഷയുണ്ട്. ഇലക്ട്രോണിക്സ് ഇനങ്ങളിൽ പ്രവർത്തിപ്പിച്ച് കാണിക്കാൻ മൂന്നുമണിക്കൂറാണ് സമയപരിധി, അതൊരു വെല്ലുവിളിയാണ്. അപ്പോഴും കിരീട പ്രതീക്ഷയിലാണ് മലപ്പുറമെന്ന് ഡി.ഡി.ഇ റഫീഖും സയൻസ് ക്ലബ് സെക്രട്ടറി മനേഷും പറഞ്ഞു.
പുതുപരീക്ഷണങ്ങൾ
പുതുക്കിയ മാന്വൽ പ്രകാരം പ്രവൃത്തിപരിപയ മേളയിൽ നിന്ന് ചോക്ക് നിർമ്മാണം,വോളിബോൾ നെറ്റ്,ചന്ദനത്തിരി,പ്ലാസ്റ്റർ ഓഫ് പാരീസ്,പനയോല ഉത്പന്നങ്ങൾ,തഴയോല ഉത്പന്നങ്ങൾ,കുടനിർമ്മാണം എന്നിവ ഒഴിവാക്കി. പകരം ക്യാരിബാഗ്, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, പോസ്റ്റർ ഡിസൈനിംഗ്, പോട്ടറി പെയിന്റിംഗ്, കവുങ്ങിൻപാള ഉത്പന്നങ്ങൾ, ചൂരൽ ഉത്പന്നങ്ങൾ എന്നിവ കൂട്ടിച്ചേർത്തു. ഐ.ഒ.പി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ തത്സമയ മത്സരങ്ങളാക്കിയത് കുട്ടികൾക്ക് ഗുണംചെയ്യുമെന്നാണ് മലപ്പുറം സംഘത്തിന്റെ പ്രതീക്ഷ.