ജെ.എൻ.യുവിൽ ഇടതുസഖ്യത്തിന് വിജയം
വൈസ് പ്രസിഡന്റ് മലയാളിയായ ഗോപിക
ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന് ജയം. കേന്ദ്ര പാനലിലെ നാല് സീറ്റിലും ഇടതുസ്ഥാനാർത്ഥികൾ വിജയിച്ചു. വൈസ് പ്രസിഡന്റായി മലയാളി കെ. ഗോപിക ബാബു തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഗോപികയ്ക്ക് ഏറ്റവും വലിയ ഭൂരിപക്ഷമാണ് (1300ൽ അധികം വോട്ട്) ലഭിച്ചത്. എട്ട് വർഷത്തിന് ശേഷമാണ് ഒരു മലയാളി ജെ.എൻ.യു യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റായി അദിതി മിശ്ര തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ എ.ബി.വി.പി ജയിച്ച ജനറൽ സെക്രട്ടറി സ്ഥാനം ഇടതുസഖ്യം തിരിച്ചുപിടിച്ചു. സുനിൽ യാദവാണ് ജയിച്ചത്. ജോയിന്റ് സെക്രട്ടറി സീറ്റിൽ ഡാനിഷ് അലി വിജയിച്ചു.
ചൊവ്വാഴ്ചയായിരുന്നു വോട്ടെടുപ്പ്. 67 ശതമാനമായിരുന്നു പോളിംഗ്. കേന്ദ്ര പാനലിലെ നാല് സീറ്റുകളിലേക്ക് 20 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ), സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (എസ്.എഫ്.ഐ), ഡെമോക്രാറ്റിക് ഫെഡറേഷൻ (ഡി.എസ്.എഫ്) എന്നിവയാണ് ഇടതുസഖ്യത്തിലുള്ളത്. കഴിഞ്ഞ തവണ എസ്.എഫ്.ഐക്കൊപ്പം മത്സരിച്ച എ.ഐ.എസ്.എഫ് ഇത്തവണ തനിച്ചാണ് മത്സരിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എ.ഐ.എസ്.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മലയാളി വിദ്യാർത്ഥി ഗോപികൃഷ്ണൻ പരാജയപ്പെട്ടു.