പെൺകുട്ടിക്ക് പീഡനം : 24 വർഷത്തിനു ശേഷം ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ

Friday 07 November 2025 12:29 AM IST

തിരുവനന്തപുരം: രണ്ടു വിവാഹം ചെയ്ത് മതം മാറി പാസ്റ്ററായി ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി 24വർഷത്തിനുശേഷം പിടിയിൽ. 14 വയസുള്ള പട്ടികജാതി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ജാമ്യമെടുത്ത് മുങ്ങിയ തിരുവനന്തപുരം നീറമൺകര സ്വദേശി മുത്തുകുമാറാണ് (49) അറസ്റ്റിലായത്. 2001ലായിരുന്നു സംഭവം. കുട്ടിയുടെ ട്യൂഷൻ മാസ്റ്ററായിരുന്നു പ്രതി.

സാം എന്ന പേരിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. സ്വന്തമായി മൊബൈൽ ഉപയോഗിച്ചിരുന്നില്ല. പബ്ളിക് ബൂത്തിൽ നിന്നും രണ്ടാംഭാര്യയുടെ ഫോണിൽ നിന്നുമാണ് ബന്ധുക്കളെ വിളിച്ചിരുന്നത്. തെങ്കാശിയിൽ താമസിക്കുന്ന അമ്മയ്ക്കും ബന്ധുക്കൾക്കും ബാങ്ക് സി.ഡി.എം മെഷിനുകൾ വഴി പണം അയച്ചിരുന്നു. ഇതടക്കം നിരന്തരം നിരീക്ഷിച്ചായിരുന്നു വഞ്ചിയൂർ പൊലീസ് പിടികൂടിയത്.

2004ൽ കോടതി ലോംഗ് പിരീഡ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. കുറച്ചുനാൾ മുമ്പ് പ്രതി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയതോടെയാണ് കേസന്വേഷണം വീണ്ടും സജീവമായത്. ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി വിവാഹം കഴിച്ചു. തുടർന്ന് ആദ്യഭാര്യയെ ഉപേക്ഷിച്ച് ഒരു ക്രിസ്ത്യൻ യുവതിയെ രണ്ടാംവിവാഹം ചെയ്തു. തുടർന്നാണ് സാം എന്ന പേരുമാറ്റി പാസ്റ്ററായത്.

കുട്ടിയെ സ്കൂളിൽ

നിന്ന് വിളിച്ചിറക്കി

പെൺകുട്ടിയെ ഉച്ചയ്ക്ക് സ്കൂളിൽ നിന്നും വിളിച്ചിറക്കി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. വൈകിട്ട് കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റിലായ ഇയാൾ മൂന്നുമാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ജാമ്യ ഹർജി

നൽകി, കുടുങ്ങി

കേസിൽ പ്രതി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയതോടെ പൊലീസ് വീണ്ടും അന്വേഷണം തുടങ്ങി. തെങ്കാശിയിലുള്ള ബന്ധുക്കളുടെ ഫോൺ, ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ചെന്നൈയിൽ നിന്ന് സി.ഡി.എം മെഷിനുകൾ വഴി പണം എത്തിയതായി കണ്ടെത്തി. ചെന്നൈ അയണവാരത്തു നിന്ന് ഫോൺകാളുകൾ വരുന്നുണ്ടെന്നും മനസിലായി. അയണവാരത്തു ഒരു ബ്യൂട്ടിപാർലറിന് സമീപം പ്രതി ദിവസവും എത്താറുണ്ടെന്നും കണ്ടെത്തി. ഒരാഴ്ച നിരീക്ഷിച്ചാണ് പിടികൂടിയത്.

ശംഖുംമുഖം എ.സി.പി റാഫിയുടെ നിർദ്ദേശത്തിൽ വഞ്ചിയൂർ എസ്.എച്ച്.ഒ.ഷാനിഫ് എച്ച്.എസ്, എസ്.ഐ അലക്സ്, സീനിയർ സി.പി.ഒമാരായ ഉല്ലാസ്, വിശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.