ഡിജിറ്റൽ, സാങ്കേതിക വി.സി നിയമനം: യോഗ്യരെ കണ്ടെത്തിയതിന്റെ രേഖകൾ തേടി ഗവർണർ
രേഖകൾ കൈവശമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പാനൽ അംഗീകരിക്കാതെ ഗവർണർ ആർ.വി.
ആർലേക്കർ. പാനലിൽ പേരുള്ളവരെ എങ്ങനെ തിരഞ്ഞെടുത്തെന്നും എന്താണ് മാനദണ്ഡമെന്നും അഭിമുഖത്തിൽ എത്ര വീതം മാർക്ക് കിട്ടിയെന്നുമടക്കം പരിശോധിക്കാൻ രേഖകളെല്ലാം കൈമാറാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിയോഗിച്ച റിട്ട.ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച്
കമ്മിറ്റി തയ്യാറാക്കിയ പാനലാണിതെന്നും കമ്മിറ്റിയുടെ മിനുട്ട്സ് മാത്രമാണ് കൈവശമുള്ളതെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. അതോടെ, രേഖകൾ ആവശ്യപ്പെട്ട് ജസ്റ്റിസ് ധൂലിയയ്ക്ക് ഗവർണർ കത്ത് നൽകി. ഇതിന് മറുപടിയില്ലാതായതോടെ രണ്ടാമതും കത്തയയ്ക്കാൻ ഗവർണർ നിർദ്ദേശിച്ചു.
സെർച്ച് കമ്മിറ്റി, വി.സി നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിക്ക് കൈമാറാനും അതിൽ മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കാനുമാണ് സുപ്രീം കോടതി ഉത്തരവ്. എന്നാൽ നിയമനാധികാരിയായ തനിക്ക് രേഖകൾ പരിശോധിക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നാണ് ഗവർണർ അറിയിച്ചത്. നിയമിക്കപ്പെടേണ്ടവരുടെ പാനലും യോഗത്തിന്റെ മിനുട്ട്സും മാത്രം വച്ച് നിയമനം നടത്താനാവില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി. രേഖകൾ കൈമാറാത്തത് ഗവർണർ സുപ്രീം കോടതിയെ അറിയിക്കും.
സാങ്കേതിക സർവകലാശാലയിലേക്ക്-39, ഡിജിറ്റലിലേക്ക്-30 പേരാണ് മാസ്കോട്ട് ഹോട്ടലിൽ നടത്തിയ 4 ദിവസത്തെ അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിൽ നിന്നാണ് മൂന്നു വീതം പേരുകളുള്ള പാനലുണ്ടാക്കിയത്. സുപ്രീം കോടതി ഉത്തരവു പ്രകാരം പാനലിൽ മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചാണ് ഗവർണർക്ക് കൈമാറിയത്. അതേ മുൻഗണനാക്രമത്തിൽ ഗവർണർ നിയമനം നടത്തണമെന്നും എതിർപ്പുണ്ടെങ്കിൽ സുപ്രീം കോടതിയെ അറിയിക്കണമെന്നുമാണ് ഉത്തരവ്. ഗവർണർ തീരുമാനമെടുത്തില്ലെങ്കിൽ സുപ്രീം കോടതി നിയമനം നടത്തും. ധൂലിയ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഗവർണറുടെ ഹർജി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി നിലപാട്.
പാനലിൽ ഒന്നാമൻ
മുൻ വി.സി
ഡിജിറ്റൽ സർവകലാശാലയിലെ പാനലിൽ ഒന്നാം പേരുകാരൻ മുൻ വൈസ്ചാൻസലറാണ്. തിരുവനന്തപുരത്തെ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലാണ് സാങ്കേതിക സർവകലാശാലാ പാനലിലെ ഒന്നാമൻ.