തദ്ദേശ തിരഞ്ഞെടുപ്പ്: കളം പിടിക്കാൻ മുന്നണികൾ
തിരുവനന്തപുരം: പ്രഖ്യാപനം വരും മുമ്പേ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയതോടെ മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കൾ തിരക്കിൽ. ഇന്നോ നാളെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വരുന്നതോടെ പെരുമാറ്റ ചട്ടവും പ്രാബല്യത്തിലാവും. മന.
കേരള ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച കിട്ടിയ സർക്കാരിന്റെ സാന്നിദ്ധ്യമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും കൂട്ടുന്നത്. ഏതാനും മാസങ്ങൾ കഴിയുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇനിയൊരു ഭരണത്തുടർച്ച താങ്ങാനാവില്ലെന്ന വാശിയിലാണ് യു.ഡി.എഫ്. ഒരു തുടർച്ച കൂടി നേടി പുതു ചരിത്രം ചമയ്ക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. ഭാവി കേരളത്തിൽ തങ്ങൾ നിർണായക ശക്തിയെന്നു തെളിയിക്കാനുള്ള നെട്ടോട്ടമാണ് എൻ.ഡി.എ നടത്തുന്നത്. മൂന്ന് മുന്നണികളും കൃത്യമായ രൂപരേഖ തയ്യാറാക്കിയാണ് മത്സര രംഗത്തെത്തുന്നത്.
മന്ത്രിമാരും
സജീവമാവും
നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം. അവിടെ നിന്ന് പരാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടർച്ച തീർക്കുകയാണ് അവരുടെ ലക്ഷ്യം. പല ജില്ലകളിലും മന്ത്രിമാർ സജീവമായി കഴിഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് ജില്ലകളുടെ ചുമതല തിരിച്ചു നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ചതും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് അതി ദാരിദ്ര്യ മുക്ത കേരളം പ്രസ്താവന നടത്തിയതും ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാവും എൽ.ഡി.എഫിന്റെ അംബാസഡർ.
തദ്ദേശഹതിരഞ്ഞെടുപ്പിലെ നേട്ടങ്ങളുടെ ആത്മവിശ്വാസവുമായി വേണം യു.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങാൻ. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,,ദേശീയ സെക്രട്ടറിമാരായ ഡോ.വി.കെ അറിവഴകൻ, പി.വി മോഹനൻ, മൻസൂർ അലിഖാൻ തുടങ്ങിയവർ ഇവിടെയുണ്ടാവും.
യു.ഡി.എഫിലെഘടകകക്ഷികളുടെ പ്രധാന നേതാക്കളുടെ സാന്നിദ്ധ്യം എല്ലാ ജില്ലകളിലും ഉറപ്പാക്കും.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എല്ലാത്തിനും മേൽനോട്ടക്കാരനായി ഉണ്ടാവും. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷിനാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. തദ്ദേശ തിരഞ്ഞെടുപ്പുകൾക്കും ഉപതിരഞ്ഞെടുപ്പുകൾക്കും ദേശീയ നേതാക്കൾ വരാറില്ല. എന്നാൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ സജീവമാവും. കഴിഞ്ഞ മേയ് മുതൽ മിഷൻ 100 എന്ന പേരിൽ ബി.ജെ.പി തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.