ഹൈക്കോടതി നിർദ്ദേശം, ജില്ലകളിൽ ജുവനൈൽ പൊലീസ് യൂണിറ്റ് വേണം
കൊച്ചി: ബാലനീതി നിയമം കർശനമായി നടപ്പാക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക ജുവനൈൽ പൊലീസ് യൂണിറ്റ് വേണമെന്ന് ഹൈക്കോടതി. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകണം യൂണിറ്റിന്റെ പ്രവർത്തനം. എല്ലാ പൊലീസ് സ്റ്റേഷനിലും എ.എസ്.ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ചൈൽഡ് വെൽഫെയർ ഓഫീസറായി നിയമിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
ബാലനീതി നിയമം കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൈലാഷ് സത്യാർത്ഥിയുടെ നേതൃത്വത്തിലുള്ള ബച്ച്പൻ ബച്ചാവോ ആന്ദോളൻ ഫയൽ ചെയ്ത ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. ബാലനീതി നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ എല്ലാവർഷവും സോഷ്യൽ ഓഡിറ്റിംഗ് നടത്തണം. മൂന്ന് മാസത്തിനുള്ളിൽ ബാലനീതി മാതൃകാ ചട്ടങ്ങൾ അന്തിമമാക്കണം.
ബാലാവകാശ കമ്മിഷൻ, ശിശുക്ഷേമ സമിതി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയിലെ ഒഴിവുകൾ ഉടൻ നികത്തണം. ശിശുക്ഷേമ സമിതി മാസത്തിൽ 21 ദിവസം യോഗം ചേരണം. പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവുകളും നികത്തണം.
കാണാതാകുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ നാഷണൽ മിഷൻ വാത്സല്യ പോർട്ടലിലേക്ക് കൈമാറണം. നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം വനിതാ ശിശുക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കായിരിക്കും.