ശ്യാമപ്രകാശ് നാണു വൈദ്യന് വിട

Friday 07 November 2025 12:53 AM IST

കൊച്ചി: ഗുജറാത്തിൽ ഓയിൽ ആൻഡ് ഗ്യാസ് പ്ലാന്റുകളുടെ കോൺട്രാക്ടറും കൊച്ചി ആസ്ഥാനമായ ശ്യാമ ഡൈനാമിക് ആൻഡ് നിയോസ്ട്രക്റ്റോ കൺസ്ട്രക്ഷൻസ് വ്യവസായ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ശ്യാമപ്രകാശ് നാണു വൈദ്യന് (75) വിട. ഇന്നലെ കായംകുളം കണ്ടല്ലൂർ കണ്ടത്തിച്ചിറ പുതുവൽ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ശിവഗിരി മഠത്തിലെ സ്വാമി വിശ്രുതാത്മാനന്ദയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. സഞ്ചയന കർമ്മം തിങ്കളാഴ്ച രാവിലെ എട്ടിന്.

മുംബയ് ശ്രീനാരായണ മന്ദിര സമിതിയുടെയും അഹമ്മദാബാദ്, ബറോഡ, സൂററ്റ് ശ്രീനാരായണ കൾച്ചറൽ മിഷന്റെയും കണ്ടല്ലൂർ എസ്.എൻ.ഡി.പി ശാഖ, കൊച്ചി പൊന്നുരുന്നി ഗുരുദേവക്ഷേത്രം എന്നിവയുടെയും സജീവ പ്രവർത്തകനായിരുന്നു ശ്യാമപ്രകാശ്. പരേതരായ നാണുവൈദ്യൻ- ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: വിജയമ്മ. മക്കൾ: ദീപുശ്യാം വൈദ്യൻ (കമ്പനികളുടെ മാനേജിംഗ് ഡയറക്ടർ), ദിവ്യശ്യാം (ബിസിനസ്, ഗുജറാത്ത്), ദിബിൻശ്യാം വൈദ്യൻ (കമ്പനികളുടെ ഡയറക്ടർ).

യു. പ്രതിഭ എം.എൽ.എ, കോൺഗ്രസ് നേതാവ് ബാബു പ്രസാദ്, അഹമ്മദാബാദ് ശ്രീനാരായണ കൾച്ചറൽ മിഷൻ എം.ഡി ഡി.എസ്. ധരൻ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി വിശ്രുതാത്മാനന്ദ, മുഹമ്മ വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധ തീർത്ഥ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, ആലുവ അദ്വൈതാശ്രമം തന്ത്രി ജയന്തൻ തന്ത്രികൾ, സ്വാമി ദേശികാനന്ദ, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം മുൻ നേതാവ് അഡ്വ. ദീപ്തി പ്രസേനൻ, മുംബയ് ശ്രീനാരായണ മന്ദിരം സമിതി ഭാരവാഹികൾ, സൂറത്ത്, ബറോഡ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ശ്രീനാരായണ കൾച്ചറൽ മിഷൻ ഭാരവാഹികൾ, എസ്.എൻ.ഡി.പി യോഗം നേതാക്കൾ തുടങ്ങി നിരവധി പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.