സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാതെ മോട്ടോർ വാഹന വകുപ്പ്

Friday 07 November 2025 12:55 AM IST

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ വാർഷിക ഫിറ്റ്നസ് പരിശോധന 2026 ഏപ്രിൽ വരെ വേണ്ടെന്ന് വച്ച് മോട്ടോർ വകുപ്പ്. ഈ അദ്ധ്യയന വർഷം തുടർ പരിശോധന വേണ്ടെന്നു വച്ചതിന് പിന്നിൽ ഉന്നതരുടെ ശുപാർശയാണെന്നാണ് ആക്ഷേപം.

ട്രാൻസ്‌പോർട്ട് കമ്മിഷണർ വകുപ്പുതല സർക്കുലറിലൂടെ ഫിറ്റ്നസ് കാലാവധി നീട്ടി നൽകിയത് നിയമ വിരുദ്ധമാണ്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി നീട്ടാനുള്ള അധികാരം ഉദ്യോഗസ്ഥർക്കില്ല.സ്‌കൂൾ മാനേജ്‌മെന്റുകൾ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. മിക്കവാറും സ്കൂളുകൾ തങ്ങളുടെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു.

കുട്ടികളുടെ സുരക്ഷാഹകാര്യത്തിൽ വകുപ്പ് എത്രത്തോളം പ്രധാന്യം നൽകുന്നുണ്ടെന്ന് സർക്കുലറിലൂടെ വ്യക്തം. സ്‌കൂൾ വാഹനങ്ങൾ ഒരോ വർഷവും സാങ്കേതിത പിഴവുകൾ തീർത്ത് സുരക്ഷാ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുണ്ട്. അദ്ധ്യയനം നടക്കുന്നതിനാൽ വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്താൻ സമയം കിട്ടുന്നില്ലെന്നാണ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ വാദം. ട്രാൻസ്‌പോർട്ട് കമ്മിഷണർ വകുപ്പുതല സർക്കുലറിലൂടെ ഫിറ്റ്നസ് കാലാവധി നീട്ടി നൽകിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് കമ്പനികൾ നഷ്ടപരിഹാരം നിഷേധിക്കും. സാങ്കേതിക പോരായ്മയുള്ള വാഹനങ്ങൾ കുട്ടികളുമായി നിരത്തിൽ ഇറങ്ങാനും അപകടമുണ്ടാകാനും സാധ്യതയുണ്ട്. അടുത്തിടെ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ തകരാറുള്ള നിരവധി സ്‌കൂൾ വാഹനങ്ങൾ കണ്ടെത്തിയിരുന്നു. ബ്രേക്ക് നഷ്ടമായും, തേഞ്ഞ ടയറുകാരണം തെന്നിമറിഞ്ഞും സ്‌കൂൾ വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു. വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്താൻ സാവകാശം കിട്ടുന്നില്ലെന്ന മാനേജ്‌മെന്റിന്റെ വാദവും നിലനിൽക്കുന്നതല്ല. കൃത്യമായി അറ്റകുറ്റപ്പണി നടത്തുന്ന ബസുകൾ രണ്ടാഴ്ചകൊണ്ട് ഫിറ്റ്നസ് ചെയ്തിറക്കാനാവും. ഈ കാലയളവിലേക്ക് കരാർ വാഹനങ്ങൾ ഉപയോഗിക്കാനാകും. എന്നാൽ . സ്‌കൂൾ മാനേജ്‌മെന്റുകളുടെ സമർദത്തിന് മോട്ടോർ വാഹന വകുപ്പ് വഴങ്ങുകയായിരുന്നു.