വിദ്യാർത്ഥികളുടെ വിശപ്പടക്കി സുഗതൻ മാഷിന്റെ 'കാരുണ്യം"
ആലപ്പുഴ: 'കാരുണ്യ സ്പർശത്തിലൂടെ" വിദ്യാർത്ഥികളുടെ വിശപ്പടക്കിയ എൽ. സുഗതൻ അദ്ധ്യാപനത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്നു. താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനാണ്. വിദ്യാർത്ഥിയുടെ വിശപ്പ് ഉറക്കം കെടുത്തിയപ്പോഴാണ് കുട്ടികൾക്ക് മാസം 1000 രൂപ വീതം നൽകുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് 2015ൽ അദ്ദേഹം തുടക്കമിട്ടത്. പിന്നീടിത് ഡോ. എ.പി.ജെ. അബ്ദുൾകലാം സ്കോളർഷിപ്പാക്കി. ഇതിനകം ആറരലക്ഷം രൂപയും വിതരണം ചെയ്തു.
അച്ഛനമ്മമാർ മരിച്ചവർ, രക്ഷിതാക്കൾക്ക് മാരകരോഗം ബാധിച്ചവർ, തൊഴിൽ ചെയ്യാനാകാത്തവർ എന്നിങ്ങനെ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തി സുമനസുകളുടെ പിന്തുണയോടെ സഹായം ഉറപ്പാക്കും. സ്‌കൂൾ ഉച്ചഭക്ഷണത്തിൽ കീടനാശിനികലർന്ന പച്ചക്കറി ഒഴിവാക്കാൻ ഒറ്റയാൾ പോരാട്ടവും നടത്തി. കവയിത്രി സുഗതകുമാരിയുടെ സ്‌മരണയിൽ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് സുഗതൻ, വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പദ്ധതി എല്ലാ പ്രൈമറി വിദ്യാലയങ്ങളിലുമെത്തിച്ചു. സ്‌കൂളിലേക്കുള്ള റോഡിലെ അപകട സാദ്ധ്യതകൾ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്റെ ശ്രദ്ധയിൽപ്പെത്തിയതും സുഗതനായിരുന്നു. തുടർന്ന് സ്കൂളിന് മുന്നിൽ സുരക്ഷാ വേലിയും നടപ്പാതയും നിർമ്മിക്കാൻ മന്ത്രി എട്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. സംസ്ഥാനത്തെ 50 വിദ്യാലയങ്ങൾക്ക് സുരക്ഷിത വേലിയും നടപ്പാതയും നിർമ്മിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതിലും സുഗതന്റെ കൈയൊപ്പുണ്ട്.
പള്ളിക്കൂടം മ്യൂസിക് ബാൻഡ്
2022ൽ സുഗതൻ മാഷിന്റെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ ചാനലായ പള്ളിക്കുടം ടി.വി തുടങ്ങിയത്. കുട്ടികളെയും അദ്ധ്യാപകരെയും ചേർത്ത് പള്ളിക്കൂടം ടി.വി മ്യൂസിക് ബാൻഡും സജ്ജമാക്കി. സംസ്ഥാനത്താദ്യമായി താലൂക്കിലെ കുട്ടികളുടെയും വിദ്യാലയങ്ങളുടെയും പരാതി പരിഹരിക്കാൻ വകുപ്പ് അദ്ധ്യക്ഷന്മാരുടെയും സ്കൂൾ പ്രതിനിധികളുടെയും ജനസമ്പർക്ക പരിപാടി നടത്തിയതിന്റെ ക്രെഡിറ്റും സുഗതനാണ്. സുഗതൻ ആരംഭിച്ച നോബൽ ഫോർ മാത്‍സ് ഇന്റർനാഷണൽ സൈൻ ക്യാമ്പെയിൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ മുന്നോട്ട് പോകുന്നുണ്ട്. 2018ൽ സ്വന്തം വിദ്യാലയത്തിലെ 16 ക്ലാസുകളിൽ പുസ്തകപ്പെട്ടി സ്ഥാപിച്ച് ലൈബ്രറികൾ യാഥാർത്ഥ്യമാക്കി. ഇത് മറ്റ് സ്കൂളുകളിൽ നടപ്പാക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാന അദ്ധ്യാപക അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. റവന്യു വകുപ്പ് ജീവനക്കാരി വി.എസ്. അനൂപയാണ് ഭാര്യ. വിദ്യാർത്ഥികളായ ഭവിൻ സുഗതൻ, ഭവികാ ലക്ഷ്മി എന്നിവർ മക്കളും.