തെറാപ്പിസ്റ്റുകൾ 'ഡോക്ടർ' അല്ല
കൊച്ചി: അംഗീകൃത മെഡിക്കൽ ഡിഗ്രി ഇല്ലാത്ത ഫിസിയോതെറാപ്പിസ്റ്രുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ 'ഡോക്ടർ" എന്ന് ചേർക്കുന്നത് പ്രഥമദൃഷ്ട്യാ നിയമപരമല്ലെന്ന് ഹൈക്കോടതി. 'ഡോക്ടർ" എന്ന് ഈ വിഭാഗക്കാർ ഉപയോഗിക്കുന്നില്ലെന്ന് ബന്ധപ്പെട്ട അധികൃതർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശിച്ചു.
സിലബസുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ട്. എങ്കിലും ഇത്തരം തെറാപ്പിസ്റ്റുകൾ 'ഡോക്ടർ" എന്ന് ചേർക്കുന്നത് 1916ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ടിന് എതിരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമായ നിർദ്ദേശം നൽകിയിട്ടുള്ളതാണെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. തെറാപ്പിസ്റ്റുകൾ 'ഡോക്ടർ" എന്ന് ചേർക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. ഹർജി ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.