യുവേഫ ചാമ്പ്യൻസ് ലീഗ് സിറ്റിക്ക് ജയം, ബാഴ്സയ്ക്ക് സമനില
മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് കീഴടക്കി മുൻ ചാമ്പ്യന്മാരായ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി. മുൻചാമ്പ്യന്മാരായ ബാഴ്സ 2-2ന് ക്ളബ് ബ്രൂഗെയോടും ചെൽസി 2-2ന് ക്വാറാബാഗിനോടും സമനിലയിൽ പിരിഞ്ഞപ്പോൾ നിലവിലെ റണ്ണേഴ്സ് അപ്പായ ഇന്റർ മിലാൻ 2-1ന് കൈറാത്തിനെ തോൽപ്പിച്ചു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ഫിൽ ഫോഡനും ഓരോ ഗോളടിച്ച എർലിംഗ് ഹാലാൻഡും റയാൻ ചോക്കിരിയും ചേർന്നാണ് സിറ്റിക്ക് വിജയമൊരുക്കിയത്. 22-ാം മിനിട്ടിൽ ഫോഡനാണ് സിറ്റിയുടെ സ്കോറിംഗിന് തുടക്കമിട്ടത്. രണ്ട് മിനിട്ടിനികം ഹാലാൻഡിന്റെ വക ഗോളും വന്നു. ഈ ഗോളുകൾക്ക് ആദ്യ പകുതിയിൽ സിറ്റി ലീഡ് ചെയ്തു.52-ാം മിനിട്ടിൽ ഫോഡൻ വീണ്ടും സ്കോർ ചെയ്തു. 72-ാം മിനിട്ടിൽ വാൾഡിമാർ ആന്റണിലൂടെ ബൊറൂഷ്യ ഒരു ഗോൾ തിരിച്ചടിച്ചു. 90-ാം മിനിട്ടിലായിരുന്നു ചോക്കിരി സിറ്റിയുടെ പട്ടിക പൂർത്തിയാക്കിയത്.
ക്ളബ് ബ്രൂഗെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ സെൽഫ് ഗോളിന്റെ സഹായത്തോടെയാണ് ബാഴ്സ തോൽവിയിൽ നിന്ന് സമനിലയിലേക്ക് രക്ഷപെട്ടത്. ആറാം മിനിട്ടിൽ നിക്കോൾഡോ ട്രെസോൾഡിയിലൂടെ ബാഴ്സ വലകുലുക്കി ബ്രൂഗെ ഞെട്ടിച്ചെങ്കിലും രണ്ട് മിനിട്ടിനകം ഫെറാൻ ടോറസിലൂടെ ബാഴ്സ സമനില പിടിച്ചു. 17-ാം മിനിട്ടിൽ കാർലോസ് ഫോബ്സ് പിന്നെയും ബ്രൂഗെയെ മുന്നിലെത്തിച്ചു. 61-ാം മിനിട്ടിൽ കൗമാരതാരം ലാമിൻ യമാൽ ബാഴ്സയെ വീണ്ടും ഒപ്പമെത്തിച്ചെങ്കിലും 63-ാം മിനിട്ടിലെ ഫോബ്സിന്റെ രണ്ടാം ഗോൾ വീണ്ടും ബ്രൂഗെയ്ക്ക് ലീഡ് നൽകി. 77-ാം മിനിട്ടിലെ
ക്രിസ്റ്റോസ് സോളിസിന്റെ സെൽഫ് ഗോളാണ് ബാഴ്സയ്ക്ക് സമനില നൽകിയത്.
ചാമ്പ്യൻസ് ലീഗ് പ്രാഥമികറൗണ്ടിൽ 12 പോയിന്റുമായി ബയേൺ മ്യൂണിക്ക്, ആഴ്സനൽ, ഇന്റർ മിലാൻ എന്നിവരാണ് യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങളിൽ. 10 പോയിന്റുള്ള സിറ്റി നാലാമത്. ഒൻപത് പോയിന്റുള്ള പി.എസ്.ജി, ന്യൂകാസിൽ,റയൽമാഡ്രിഡ്,ലിവർപൂൾ,ഗലറ്റസറി എന്നിവർ യഥാക്രമം അഞ്ചുമുതൽ ഒൻപതുവരെ സ്ഥാനങ്ങളിൽ.എാുപോയിന്റുമായി ടോട്ടൻഹാം പത്താമത്. ഏഴുപോയിന്റുള്ള ബാഴ്സ,ചെൽസി,സ്പോർടിംഗ്,ഡോർട്ട്മുണ്ട്, ക്വാറാബാഗ്,അറ്റ്ലാന്റ എന്നിവർ 11 മുതൽ 16 വരെ സ്ഥാനങ്ങളിൽ.
മത്സരഫലങ്ങൾ
മാഞ്ചസ്റ്റർ സിറ്റി 4- ബൊറൂഷ്യ 1
ബാഴ്സലോണ 3-ക്ളബ് ബ്രൂഗെ 3
ചെൽസി 2- ക്വാറാബാഗ് 2
ഗലറ്റസറി 3- അയാക്സ് 0
ലെവർകൂസൻ 1-ബെൻഫിക്ക 0
ഇന്റർ മിലാൻ 2-കൈറാത്ത് 1
അറ്റ്‌ലാന്റ 1- മാഴ്സെ 0