ഋഷികേശ് ആർട്‌സ് ഗ്യാലറി മൂന്നാം വർഷത്തിലേക്ക്
കൊല്ലം: കൊല്ലത്തെ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഇതര കലാകാരന്മാരുടെ സവിശേഷതയാർന്ന ശില്പ ചിത്രസൃഷ്ടികൾക്ക് മാറ്റുരയ്ക്കാൻ സർക്കാർ അവസരം ഒരുക്കണമെന്ന് ചിന്തകനും എഴുത്തുകാരനുമായ ആർ. അനിരുദ്ധൻ ആവശ്യപ്പെട്ടു. പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഗുരുപ്രസാദ് അയ്യപ്പൻ നേതൃത്വം നൽകി രണ്ടുവർഷം പൂർത്തിയാകുന്ന കൊല്ലം ഋഷികേഷ് ആർട്ട് ഗ്യാലറിയുടെ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ മേഖലയെപ്പോലെ വേണ്ടത്ര പ്രോത്സാഹനങ്ങൾ അധികാരികളിൽ നിന്ന് ലഭിക്കാത്ത ദു:സ്ഥിതി കാലികമായി നിലനിൽക്കുന്നുണ്ട്. ഇതിനു പരിഹാരം കാണാൻ പ്രത്യേക നയ രൂപീകരണം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ചടങ്ങിൽ സാഹിത്യ-കലാ രംഗത്തുള്ള എ.റഹീംകുട്ടി, എസ്.കെ. അനിൽകുമാർ, ഗോപിനാഥ് പെരിനാട്, എം.കെ. കരിക്കോട്, ബൈജു പുനക്കൊന്നൂർ, ടി. സദാശിവൻ, ആസാദ് ആശിർവാദ്, ബെറ്റ്‌സി എഡിസൺ, ജയചന്ദ്രക്കുറുപ്പ് എന്നിവർ സംസാരിച്ചു.