മത്സരിച്ചോടി സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കൊല്ലം: പരവൂരിൽ മത്സരിച്ചോടിയ സ്വകാര്യ ബസുകൾ നേർക്കുനേർ ഇടിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കാർത്തിക എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ആർ. രതീഷിന്റെ ലൈസൻസാണ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. രണ്ടാമത്തെ ബസിന്റെ ഡ്രൈവർക്ക് താക്കീതും നൽകി.
മോട്ടോർ വാഹനവകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവേഴ്സ് ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ കൊല്ലത്തെ എക്സ്റ്റൻഷൻ സെന്ററായ ട്രാക്കിന്റെ അഞ്ച് ദിവസത്തെ പരിശീലനത്തിൽ ആർ. രതീഷ് പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നടപടി ഉത്തരവിൽ പറയുന്നു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ എം.എസ്. ഷബീർ അലിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജോയിന്റ് ആർ.ടി.ഒ ആർ. ശരത്ചന്ദ്രന്റേതാണ് നടപടി.
കഴിഞ്ഞമാസം 22ന് വൈകിട്ട് 5.45ന് പരവൂർ ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം. സമയത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മത്സരിച്ച് ഓടിയ അഭിലാഷ് ബസിന് മുൻ ഭാഗത്ത് എതിർവശത്ത് നിന്നു വന്ന കാർത്തിക ബസ് ഇടിക്കുകയായിരുന്നു. ബസിലെ തൊഴിലാളികൾ തമ്മിൽ കൊട്ടിയത്ത് വച്ച് നടന്ന വാക്കേറ്റത്തെ തുടർച്ചയായാണ് പരവൂരിൽ കൂട്ടിയിടി ഉണ്ടായത്. ബോധപൂർവ്വമുള്ള കൂട്ടിയിടിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.