നരഹത്യയ്ക്ക് കേസെടുക്കണം: എൻ.കെ. പ്രേമചന്ദ്രൻ
കൊല്ലം: പന്മന സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ദളിത് യുവാവ് വേണു മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അയച്ച ശബ്ദ സന്ദേശം മരണമൊഴിയായി കണക്കാക്കി ഭരണനേതൃത്വം ഉൾപ്പെടെ ഉത്തരവാദികളായവരുടെ പേരിൽ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
സർക്കാർ പണം നൽകാത്തതു കൊണ്ട് ഹൃദ്രോഗചികിത്സ ഉൾപ്പെടെയുള്ളള അടിയന്തിര ചികിത്സകൾക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും വിതരണം ചെയ്യുന്നത് കമ്പനികൾ നിറുത്തിവച്ചിരുന്നു. വിതരണം ചെയ്തവ തിരികെയെടുത്തു. ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത പുറം ലോകത്തെ അറിയിച്ചതിന്റെ പേരിൽ ഇടതുപക്ഷ സഹയാത്രികൻ കൂടിയായ ഡോ. ഹാരിസിനെ മാനസിക രോഗചികിത്സാ കേന്ദ്രത്തിൽ എത്തിക്കുന്ന തരത്തിലുളള ക്രൂരമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. മെഡി. ആശുപത്രിയിൽ അടിയന്തിര ചികിത്സയ്ക്കുള്ള ഉപകരണങ്ങളുടെയും കുറവ് പുറത്തു പറഞ്ഞാൽ സ്വന്തം ജോലി മാത്രമല്ല ജീവിതവും മാനസികനിലയും കൂടി തകർക്കുന്ന തരത്തിൽ ഹീനമായ കുതന്ത്രങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ഡോക്ടർമാർ ഭയക്കുന്നു. വേണുവിന്റെ മരണത്തിൽ സ്വതന്ത്രവും നിക്ഷപക്ഷവുമായ അന്വേഷണം അനിവാര്യമാണ്. പി.ആർ പ്രവർത്തനങ്ങൾക്ക് കോടികൾ ധൂർത്തടിക്കുന്ന സർക്കാരിന്റെ ഭരണവൈകല്യത്തിന്റെ രക്തസാക്ഷിയാണ് വേണുവെന്നും എം.പി പറഞ്ഞു.