തരൂരിനെ തള്ളി വേണുഗോപാൽ
Friday 07 November 2025 12:26 AM IST
ന്യൂഡൽഹി: കുടുംബാധിപത്യം സംബന്ധിച്ച ശശി തരൂരിന്റെ ലേഖനം തള്ളി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രമേയുള്ളൂ. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവൻ സമർപ്പിച്ചവരാണ്. അവർ കുടുംബാധിപത്യത്തിന്റെ ഭാഗമായി മാത്രം വന്നവരാണെന്ന് പറയുന്നവരോട് സഹതപിക്കാനേ കഴിയൂ. എന്തുകൊണ്ട് ഇത്തരം പരാമർശം നടത്തിയെന്ന് തരൂർ വിശദീകരിക്കട്ടെയെന്നും വേണുഗോപാൽ പറഞ്ഞു. ശബരിമല സ്വർണക്കടത്ത് കേസിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ശക്തമായ അന്വേഷണം വേണം. മുൻ പ്രസിഡന്റുമാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ല. സർക്കാരിന് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.