ആർ. ശങ്കറിന്റെ ഓർമ്മകളിൽ ഗൺമാൻ പ്രഭാകരൻ
ഓച്ചിറ: ആർ. ശങ്കർ ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയും ആയിരിക്കെ, ഔദ്യോഗിക കാറിന്റെ മുൻസീറ്റിൽ ഗൗരവം ഭേദിക്കാത്ത മുഖത്തോടെ എപ്പോഴും ഉണ്ടായിരുന്നു ഈ ഗൺമാൻ. പ്രായം 90ൽ എത്തിയിട്ടും ശങ്കർ സാറിനൊപ്പമുള്ള യാത്രയും നാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കലുമൊന്നും മറന്നിട്ടില്ല കരുനാഗപ്പള്ളി ക്ളാപ്പന തെക്ക് രാജ്ഭവനിൽ പി. പ്രഭാകരൻ. മകൻ രാജീവ് പ്രഭാകരനും ക്ലാപ്പന എസ്.വി.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപികയായ മരുമകൾ രവിതയ്ക്കും ചെറുമകൾ നന്ദനയ്ക്കും ഒപ്പം താമസിക്കുന്ന അദ്ദേഹം ആർ ശങ്കറുമൊത്തുള്ള ഓർമ്മകളുടെ ചെപ്പ് തുറക്കുകയാണ്...
'1960 കാലഘട്ടം. പട്ടം എ.താണുപിള്ളയാണ് മുഖ്യമന്ത്രി. ആർ. ശങ്കർ ഉപമുഖ്യമന്ത്രി. പൊലീസ് ഇന്റലിജൻസ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ വാസു ഒരു ദിവസം തിടുക്കപ്പെട്ട് തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിലെത്തുന്നു. ആർ.ശങ്കറിന് പറ്റിയ ഗൺമാനെ കണ്ടെത്തലായിരുന്നു ലക്ഷ്യം. ക്യാമ്പിലുള്ള പൊലീസുകാരെ നിരത്തി നിറുത്തി. എല്ലാവരേയും ശ്രദ്ധിച്ച ശേഷം അദ്ദേഹം മടങ്ങി. ഏതാനും ദിവസത്തിനുള്ളിൽ ഒരു ഉത്തരവിറങ്ങി. ഞാൻ ഉപമുഖ്യമന്ത്രിയുടെ ഗൺമാൻ!
ചുമതലയേറ്റെടുക്കാൻ ചെന്ന ദിവസം തന്നെ, എന്നെ ശങ്കർ സാർ പരിചയപ്പെട്ടു. എവിടെയാണ് വീടെന്നായിരുന്നു ആദ്യ ചോദ്യം. കരുനാഗപ്പള്ളി തഴവയിലെന്ന് മറുപടി. വീണ്ടും ചോദ്യം, തഴവയിൽ എവിടെ? ക്ടാക്കോട്ട് ക്ഷേത്രത്തിന് സമീപം... ആ ക്ഷേത്രത്തിനടുത്ത് ഒരു വലിയ വീടുണ്ടല്ലോ, കുറേ പുരയിടമൊക്കെയുള്ള, വെളുത്ത ഒരു സ്ത്രീയുടെ വീട്, അറിയുമോ അവരെയൊക്കെ? ഞാൻ ഒന്നമ്പരന്നു; സർ, അത് എന്റെ വീടാണ്. എന്റെ അമ്മയാണ് സാർ പറഞ്ഞ സ്ത്രീ. അതു കേട്ടപ്പോൾ ശങ്കർ സാറിന് അമ്പരപ്പ്! എസ്.എൻ കോളേജിന് ഓല വെട്ടിക്കാനായിട്ട് അവിടെ വന്നിട്ടുണ്ടെന്നും അപ്പോൾ കുറേ നാളീകേരം അമ്മ തന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ടെന്ന് ഞാൻ മറുപടി നൽകി.
ഉച്ചയ്ക്ക് ശങ്കർ സാർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാൽ എനിക്കും ഭക്ഷണം അവിടുന്നു തന്നെ. മുന്നണിയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ പട്ടത്തെ പഞ്ചാബ് ഗവർണറാക്കി. ആർ.ശങ്കർ മുഖ്യമന്ത്രിയായി. അപ്പോഴും ഞാൻ ഗൺമാനായി തുടർന്നു. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നതും അദ്ദേഹമായിരുന്നു.
ഒരേയൊരു ശുപാർശ
പുതിയ സ്കൂളുകൾക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഞാൻ നാട്ടിലെ എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ കണ്ട് കാര്യം പറഞ്ഞു. ഇപ്പോൾ ശ്രമിച്ചാൽ ഷൺമുഖവിലാസം യു.പി സ്കൂൾ ഹൈസ്കൂളാക്കാം എന്നു പറഞ്ഞു. മുഖ്യമന്ത്രിയെ വീട്ടിൽ ചെന്നു കണ്ട് അപേക്ഷ കൈമാറാൻ അവസരവും ഒരുക്കി. നിങ്ങളെക്കൊണ്ട് സ്കൂൾ നടത്താൻ പറ്റുമോ എന്നായിരുന്നു ചോദ്യം. രണ്ടു മൂന്ന് ഏക്കർ വസ്തു വേണം. 'ഞങ്ങൾക്ക് പറ്റുംസർ...' മാനേജർ ഏറ്റു. മേയിൽ എല്ലാം റഡിയായിരിക്കണം. ജൂൺ ഒന്നിന് ക്ലാസ് തുടങ്ങണം... മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം ആ വാക്ക് പാലിച്ചു. അതു മാത്രമാണ് മുഖ്യമന്ത്രിയോട് ഞാൻ ശുപാർശ ചെയ്തത്.
ഇഷ്ടം കായൽ മീൻ
ശങ്കർ സാറിന് കായൽ മീൻ വലിയ പ്രിയമാണ്. വേളി കായലിനോട് ചേർന്ന് സാറിന് കുറച്ച് പുരയിടമുണ്ട്. തെങ്ങിൻ തോപ്പാണ്. അവിടെ കായലിലേക്ക് ചെറിയ തോടുകൾ വെട്ടിയിട്ടിട്ടുണ്. ഇടയ്ക്ക് തോട്ടിൽ നഞ്ച് കലക്കി മീൻ പിടിക്കും. ആർ.ശങ്കർ മുഖ്യമന്ത്രിപദത്തിൽ നിന്ന് ഇറങ്ങിയതോടെ ഞാൻ തിരികെ ക്യാമ്പിലെത്തി. സബ്ബ് ഇൻസ്പെക്ടറായി 87 ൽ വിരമിച്ചു...'