വെറും മരണമല്ല, കൊലപാതകം!
കൊല്ലം: കോടികൾ ചെലവഴിച്ച് നിർമ്മിച്ച കാത്ത് ലാബും എമർജൻസി കാർഡിയാക് ഐ.സി.യു അടക്കമുള്ള സംവിധാനങ്ങളുമുണ്ടായിട്ടും, എമർജൻസി ആൻജിയോഗ്രാം പോലെയുള്ള അടിയന്തിര ചികിത്സകൾ കൈയൊഴിയുന്ന കൊല്ലം പാരിപ്പള്ളി മെഡി. ആശുപത്രിക്കും ജില്ലാ ആശുപത്രിക്കും ചവറ പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മരിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറാൻ കഴിയില്ല.
ശനിയാഴ്ച ഉച്ചയോടെ വേണു ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ എമർജൻസി ആൻജിയോഗ്രാം നിർദ്ദേശിച്ച് തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടത്തിയിരുന്നെങ്കിൽ വേണുവിന്റെ ജീവൻ നഷ്ടമാകുമായിരുന്നില്ല. ജില്ലാ ആശുപത്രിയായിട്ടും അവിടെ കാർഡിയോളജിസ്റ്റിന്റെ സ്ഥിരം തസ്തികയില്ല. വർക്കിംഗ് അറേഞ്ച്മെന്റിൽ രണ്ട് കാർഡിയോളജിസ്റ്റുകളുണ്ട്. ഇതിൽ ഒരാൾ ആഴ്ചയിൽ മൂന്ന് ദിവസമേ ജില്ലാ ആശുപത്രിയിൽ ഉണ്ടാവുകയുള്ളൂ. കാത്ത് ലാബിൽ കരാർ വ്യവസ്ഥയിൽ നിയമിച്ച ഒരു ഡോക്ടറേയുള്ളു. മൂന്ന് ഡോക്ടർമാരുണ്ടെങ്കിൽ 24 മണിക്കൂറും പ്രവർത്തിപ്പിക്കാവുന്ന കാത്ത് ലാബ് ആഴ്ചയിൽ അഞ്ച് ദിവസം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മാത്രമാണ് പ്രവർത്തിക്കുന്നത്.
ഗതികെട്ട മെഡി. ആശുപത്രി
ജില്ലാ ആശുപത്രിയെക്കാൾ ഗതികേടാണ് പാരിപ്പള്ളി മെഡി. ആശുപത്രിയിൽ. അവിടെ ഒരു കാർഡിയോളജി പ്രൊഫസറും ഒരു സീനിയർ റെസിഡന്റുമേയുള്ളു. അതിനാൽ അടിയന്തിര ശസ്ത്രക്രിയകളൊന്നും ഏറ്റെടുക്കില്ല. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾ നടത്തുന്നത്. ഇതറിയാവുന്നത് കൊണ്ടാണ് ജില്ലാ ആശുപത്രിയിൽ നിന്ന് വേണുവിനെ പാരിപ്പള്ളി മെഡി.ആശുപത്രിയിലേക്ക് റഫർ ചെയ്യാതിരുന്നത്. നേരത്തേ കാത്ത് ലാബ് 24 മണിക്കൂർ പ്രവർത്തിച്ചിരുന്നു. രണ്ട് സീനിയർ റസിഡന്റുമാരിൽ ഒരാൾ പോയതോടെ വീണ്ടും പ്രതിസന്ധിയായി. രാഷ്ട്രീയപാർട്ടി നേതാക്കളും രോഗികളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു കാർഡിയോളജി സീനയർ റസിഡന്റിനെ നിയമിക്കാൻ പോലും ആരോഗ്യ വകുപ്പ് തയ്യാറാക്കുന്നില്ല.