മെഡി.കോളേജിൽ ഹൃദ്രോഗിയുടെ മരണം, തടിതപ്പേണ്ട, നിർണായക മണിക്കൂറുകൾ പാഴാക്കി ആരോഗ്യമേഖല മറുപടി പറയണം
തിരുവനന്തപുരം: നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവില്ലെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും ഉത്തരവാദിത്വത്തിൽ നിന്ന് ഡോക്ടർമാർക്ക് ഒഴിഞ്ഞുമാറാനാകില്ല. അഞ്ചുദിവസം മെഡിക്കൽ കോളേജിൽ കിടന്ന ഓട്ടോ ഡ്രൈവറായ വേണു തന്റെ ദുരവസ്ഥ സുഹൃത്തിന് ശബ്ദസന്ദേശമായി അയക്കേണ്ടിവന്ന സാഹചര്യവും ആരോഗ്യകരമല്ല. മെഡിക്കൽ കോളേജ് ജീവനക്കാരുടെ ഇടപെടലും കാരുണ്യപരമല്ലാത്ത സമീപനവുമാണ് ശബ്ദസന്ദേശത്തിനു പിന്നിൽ. ചികിത്സ വൈകിയോയെന്നത് മറുവശമാണ്. ക്രിയാറ്റിൻ ഉയർന്ന നിലയിലായിരുന്ന, പലവട്ടം സ്ട്രോക്ക് വന്നിട്ടുള്ളയാൾക്ക് ഹൃദയാഘാതമുണ്ടായി 24മണിക്കൂറിനു ശേഷമെത്തിയാൽ ചെയ്യാവുന്ന ചികിത്സയെല്ലാം വേണുവിന് നൽകിയെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. അങ്ങനെയെങ്കിൽ ബുധനാഴ്ച വൈകിട്ട് പെട്ടെന്ന് വേണുവിന് വീണ്ടും ഹൃദയാഘാതമുണ്ടായ സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ? സംഭവത്തിൽ നിർണായക മണിക്കൂറുകൾ പാഴായെന്ന് വ്യക്തമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് കൊല്ലം ജില്ല ആശുപത്രിയിലെത്തിയ വേണുവിനെ ക്യാഷ്വാലിറ്റിയിൽ പരിശോധിച്ചതല്ലാതെ കാർഡിയോളജിസ്റ്റിന്റെ സേവനമുണ്ടായില്ല. കാത്ത്‌ലാബ് സൗകര്യമുള്ള ജില്ല ആശുപത്രിയിൽ മതിയായ ചികിത്സയൊരുക്കിയിരുന്നെങ്കിൽ ഒരുപക്ഷേ, ഇത്തരമൊരു അവസ്ഥ ഒഴിവാക്കാമായിരുന്നു. ആരോഗ്യരംഗത്ത് മുന്നേറുന്ന കേരളത്തിലെ ജില്ല ആശുപത്രികൾക്ക് ഇത്തരം റിസ്ക്കുകൾ ഏറ്റെടുക്കാൻ കഴിയാതെപോകുന്നത് രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്.
മെഡിക്കൽ കോളേജിൽ സംഭവിക്കുന്നത്?
ക്രിയാറ്റിൻ ഉയർന്ന നിലയിലാണെന്ന കാരണത്താൽ രോഗിയെ ആൻജിയോഗ്രാമിന് വിധേയമാക്കാതിരിക്കാനാകുമോ? സ്വകാര്യ ആശുപത്രിയിലായിരുന്നെങ്കിൽ വേണുവിന് ഇത് സംഭവിക്കുമായിരുന്നോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇവിടെയാണ് പാവപ്പെട്ടവന്റെ ആശ്രയമായ മെഡിക്കൽ കോളേജിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നത് ആശങ്കയാകുന്നത്. 400 മുതൽ 700 രോഗികൾ വരെയാണ് ഒരുദിവസം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെത്തുന്നത്. ഇവരിൽ നിന്ന് നല്ലൊരു ഭാഗത്തെ അഡ്മിറ്റാക്കി ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയമാക്കും. അടിയന്തരമായി എത്തുന്നവർക്കും ഇതേചികിത്സ നൽകണം. ഇതിനിടയിൽ ഹൃദയാഘാതത്തിന് 24മണിക്കൂറിനു ശേഷമെത്തുന്ന രോഗിക്ക് അടിയന്തരമായി ആൻജിയോഗ്രാം ആവശ്യമില്ലാത്തതിനാൽ അധികം വൈകാതെ മറ്റൊരുദിവസം നിശ്ചയിച്ച് നടത്തണം. രോഗികളുടെ എണ്ണം കൂടുമ്പോൾ അതീവഗുരുതരാവസ്ഥയിലുള്ളവർക്ക് പ്രാധാന്യം നൽകും. ഇത് മറ്റുള്ള രോഗികൾക്ക് ചികിത്സ വൈകാൻ കാരണമാകാറുണ്ട്. അതിന്റെ പരിഹാരം തേടണം. അതാണ് വൈദ്യശാസ്ത്രം നിഷ്കർഷിക്കുന്നത്.
"രാപ്പകലില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഡോക്ടർമാർ ജോലിനോക്കുന്നുണ്ട്. പക്ഷേ, ആൻജിയോഗ്രാം നടത്തുന്ന കാർഡിയോളജിയിൽ നാല് അസി. പ്രൊഫസർ തസ്തികയിൽ ആളില്ല. ഒരാൾ വർക്കിംഗ് അറേഞ്ച്മെന്റിലാണ്. രോഗികൾ പെരുകുന്നതനുസരിച്ച് ഡോക്ടർമാരുടെയോ മറ്റ് ജീവനക്കാരുടെയോ എണ്ണം വർദ്ധിക്കുന്നില്ല.
ഡോ.റോസ്‌നാര ബീഗം.ടി
സംസ്ഥാന പ്രസിഡന്റ്, കേരള ഗവ.മെഡി.കോളേജ് ടീച്ചേഴ്സ് അസോ.